കേട്ടാൽ പൊള്ളുമെങ്കിലും ഓണം കളറാക്കാൻ പൂക്കളെത്തി

തിരുവനന്തപുരം: ഓണം വരവറിയിച്ചതോടെ സംസ്ഥാനത്ത് പൂവിപണി സജീവം. മാർക്കറ്റുകളിലേക്ക് പൂക്കൾ കൂടുതലായി എത്തിത്തുടങ്ങി. അതേസമയം തന്നെ കഴിഞ്ഞ വർഷത്തെ ഓണത്തേക്കാൾ കൂടിയ വിലയാണ് ഇക്കൊല്ലം പൂക്കൾക്ക്. എങ്കിലും മലയാളിക്ക് ഓണത്തിന് പൂക്കളം ഒഴിവാക്കാനാകാത്തതിനാൽ എന്ത് വില കൊടുത്തും നാം പൂ വാങ്ങുമെന്നുറപ്പാണ് .വ്യത്യസ്ത നിറങ്ങളിലുള്ള പൂവുകൾ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് കമ്പോളത്തിൽ എത്തുന്നത്. പിച്ചിയും മുല്ലയും തെങ്കാശിയിൽ നിന്നും ജമന്തിയും വാടാമല്ലിയും തോവാളയിൽ നിന്നും എത്തുമ്പോൾ റോസും മറ്റിനങ്ങളും ബാംഗ്ലൂരിൽ നിന്നുമാണ് എത്തുന്നത്.
ഇത്തവണയും കേട്ടാൽ വാടുന്ന വിലയാണ് പൂവുക്കൾക്ക്. ജമന്തി കിലോ 350,വാടാമുല്ല 400,മുല്ല 800 എന്നിങ്ങനെയാണ് വില.തിരുവോണം അടുക്കുമ്പോൾ ഇനിയും വില കൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. അതേ സമയം തന്നെ ഓണ നാളുകകളിലെ പൂവില ഇപ്പോഴും കൃത്യമായി കണക്കാക്കാനായിട്ടില്ല. അത്ത ദിനത്തോടെ ഓണം ആവേശത്തിന് കൊടി കയറുമ്പോൾ പൂക്കളുടെ വിലയിലും കൃത്യത വരും
എന്തായാലും പൂവിപണി താഴോട്ട് പോകില്ലെന്നുറപ്പായിരിക്കുന്നു. അത്തത്തോടനുബന്ധിച്ച് ഉയരുന്ന പൂവില പിന്നീട് തീവിലയിലേക്കെത്താനും അധിക സമയം വേണ്ടിവരില്ല. ഓരോ ഓണനാളിലും കേരളത്തിലെ മുഴുവൻ സ്വകാര്യ- സർക്കാർ സ്ഥാപനങ്ങളിലും ഓണാഘോഷം കൊണ്ടാടുന്നു. അതിനായി പൂക്കള്‍ ആവശ്യം വരുന്നതിനാല്‍ വില റോക്കറ്റ് പോലെ കുതിക്കുകയും ചെയ്യും. തമിഴ്നാട്ടിൽ നിന്നും പൂക്കള്‍ ഇറക്കുമതി ചെയ്യുന്ന മലയാളിയുടെ പഴയ ശീലത്തിന് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ലാത്തതിനാൽ ചെക് പോസ്റ്റും ടോൾ ബൂത്തും കഴിഞ്ഞ് കേരളത്തിലേക്കെത്തുന്ന പൂവിന്റെ വില ഉയർന്ന് തന്നെ നിൽക്കും
സ്കൂൾ കോളേജ് കുട്ടികൾ ഓണാഘോഷത്തിന് പൂ വാങ്ങാന്‍ എത്തുന്നതിന്‍റെ വലിയ പ്രതീക്ഷയില്‍ കൂടിയാണ് വ്യാപാരികള്‍.
നേരത്തെ ഉണർന്ന് പൂ പറിച്ച് വീട്ടുമുറ്റത്ത് പൂക്കളമിടുക എന്ന ശീലത്തിൽ നിന്നും കുറെയൊക്കെ മാറിയ മലയാളി എല്ലാം റെഡിമെയ്ഡിനെ ആശ്രയിക്കുകയാണ്. കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോൾ തന്നെ പൂ കച്ചവടത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.ജമന്തിയും വാടാമല്ലിയുമൊക്കെ ചേർന്ന് ഈ ഓണത്തിനും നിറം ചാർത്തും. പൊള്ളുന്ന വിലയിലും മലയാളി ഓണാഘോഷത്തിൽ വാടാതെ നിൽക്കുമെന്നുറപ്പാണ്.









0 comments