ad
Deshabhimani

കൊളംബിയയിൽ ഭൂകമ്പം: വ്യാപക നാശനഷ്ടം; മരണം 164 ആയി, 2700 പേരെ കാണാതായതായി

COLOMBIA EARTHQUAKE

Photo Credit: X

വെബ് ഡെസ്ക്

Published on Aug 11, 2026, 04:01 PM | 2 min read

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണം 164 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഭയപ്പെടുന്നതായി കൊളംബിയൻ അധികൃതർ അറിയിച്ചു. 87 പേർക്ക് പരിക്കേറ്റു. 2700 പേരെ കാണാതായതായി. കൊളംബിയൻ ന​ഗരമായ കാലിയിലാണ് ഏറ്റവുമധികം ആളുകൾ മരിച്ചത്. 85 പേരാണ് ന​ഗരത്തിൽ മാത്രം മരണപ്പെട്ടത്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് അറിയിച്ചു.


തിങ്കളാഴ്ച 7.4 തീവ്രതയുള്ള ശക്തമായ ഭൂകമ്പമാണ് കൊളംബിയയയെ വിറപ്പിച്ചത്. ചോക്കോ മേഖലയിലെ സാൻ ഹോസെ ഡെൽ പാൽമർ മുനിസിപ്പാലിറ്റിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. പെരെയ്‌റ, കാളി, മനിസാലസ്, ക്വിബ്ദോ തുടങ്ങിയ നഗരങ്ങളിലാണ് ഭൂകമ്പം ഏറ്റവുമധികം നാശം വിതച്ചത്. ബഹുനില കെട്ടിടങ്ങൾ നിലംപൊത്തി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.


മാനിസാലസിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലിന്റെ ​ഗോപുരത്തിന് കേടുപാടുകളുണ്ടായി. പെരെയ്‌റയിൽ വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്നുവീഴുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മനിസാലസ്, ക്വിബ്ദോ, അർമേനിയ, കാർട്ടാഗോ, ബുവെനവെഞ്ചുറ എന്നിവിടങ്ങളിലെ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. ഭൂകമ്പത്തിന് പിന്നാലെ 2.8, 4.8 തീവ്രതയുള്ള തുടർചലനങ്ങളും ഉണ്ടായി.


കാലിയിലെ ആശുപത്രിയുടെ മുകളിലത്തെ നിലകൾ തകർന്നുവീണു. ശിശുരോഗ പരിചരണം നടത്തിയിരുന്ന നിലകളാണ് തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 600 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ആശുപത്രി പ്രവർത്തനക്ഷമമല്ലാത്തതിനാൽ തെരുവുകളിൽ താൽക്കാലിക ചികിത്സ ആരംഭിച്ചു. വീടുകൾ തകർന്നതോടെ ദശലക്ഷക്കണക്കിന് ആളുകൾ തെരുവുകളിൽ അഭയം തേടി.


ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയെയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും വേഗത്തിലാക്കുന്നതിനാണ് നടപടി. ചോക്കോ മേഖലയുടെ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളായതിനാൽ പല സ്ഥലങ്ങളിലേക്കും ബോട്ടിലൂടെയോ വിമാനത്തിലൂടെയോ മാത്രമേ എത്താനാകൂ. ഇത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.


ശക്തമായ ഭൂകമ്പത്തെത്തുടർന്ന് കൊളംബിയയിൽ നടക്കാനിരുന്ന ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ഗവേണിംഗ് ബോഡി - CONMEBOL - രണ്ട് കോണ്ടിനെന്റൽ ക്ലബ് മത്സരങ്ങൾ മാറ്റിവച്ചു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഇക്വഡോറിൻ്റെ ഇൻഡിപെൻഡെൻറ്റെ ഡെൽ വാലെയ്‌ക്കെതിരായ ഡിപോർട്ടെസ് ടോളിമയുടെ കോപ്പ ലിബർട്ടഡോർസ് ടൈയും ബുധനാഴ്ചത്തെ ഇൻഡിപെൻഡെൻറ് സാൻ്റാ ഫെയും അർജൻ്റീന സൈഡ് റിവർ പ്ലേറ്റും തമ്മിലുള്ള കോപ്പ സുഡാമേരിക്കാന മത്സരവുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികളും വേദികളും യഥാസമയം പ്രഖ്യാപിക്കുമെന്ന് CONMEBOL അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home