ലിബിയയിൽ ഡ്രോൺ ആക്രമണം; എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടിത്തം

സാവിയ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രണത്തെ തുടർന്നുണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നു | Image Credit : REUTERS Screengrab via X
കെയ്റോ : ലിബിയയിലെ എണ്ണ ശുദ്ധീകരണ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രണത്തിൽ വൻതീപിടിത്തം. തീ നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമനസേനാംഗങ്ങൾ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാത്രിയാണ് സാവിയ എണ്ണ ശുദ്ധീകരണശാലയിലെ പെട്രോൾ ടാങ്കിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. രാത്രി മുഴുവനും ചൊവ്വാഴ്ച രാവിലെ വരെയും തീ തുടർന്നു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.
ഇതിനിടെ രാജ്യത്തിന്റെ കിഴക്കൻ നഗരമായ ബെൻഗാസിയിൽ കാർ ബോംബ് സ്ഫോടനത്തിൽ ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഖലീഫ ഹഫ്താറിന്റെ സ്വയം പ്രഖ്യാപിത ലിബിയൻ നാഷണൽ ആർമിയുടെ സൈനിക ഇന്റലിജൻസ് മേധാവി മേജർ ജനറൽ ഫൗസി അൽ-മൻസൂരിയാണ് കൊല്ലപ്പെട്ടത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കാറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.
ട്രിപ്പോളിയിൽ നിന്ന് ഏകദേശം 47 കിലോമീറ്റർ അകലെയുള്ള മെഡിറ്ററേനിയൻ പട്ടണമാണ് സാവിയ. അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ ശ്രമം തുടരുമ്പോൾ ടാങ്കിൽ നിന്ന് വലിയ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട ടാങ്കിൽ 4.5 ദശലക്ഷം ലിറ്റർ ഇന്ധനം നിറച്ചിരുന്നുവെന്ന് കമ്പനി അറിയിച്ചു.
എന്നാൽ സാവിയയിലെ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെയുണ്ടായ ആക്രമണത്തിന്റെയും ബെൻഗാസിയിലെ കാർ ബോംബാക്രമണത്തിന്റെയും ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ ലിബിയയിൽ ട്രിപ്പോളിയും ബെൻഗാസിയും സന്ദർശിക്കാനിരിക്കെയാണ് ആക്രമണങ്ങൾ ഉണ്ടായത്.










0 comments