റോഡപകടത്തിൽ കോഴികൾ ചത്തു; ഉടമയ്ക്ക് 4.5 ലക്ഷം രൂപ നഷ്ടപരിഹാരം

ബംഗളൂരു: റോഡപകടത്തിൽ കോഴികൾ ചത്താൽ അവയെ മോട്ടോർ വാഹന നിയമപ്രകാരം 'കന്നുകാലികൾ'/ വളർത്തുമൃഗങ്ങളായി കണക്കാക്കാമെന്ന് കർണാടക ഹൈക്കോടതി. വാഹനാപകടത്തിൽ 2000 കോഴികൾ ചത്തതിൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോഴി ഫാം ഉടമ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. കോഴികളെ വളർത്തുമൃഗങ്ങളായി കണക്കാക്കാനാവില്ല എന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം ജസ്റ്റിസ് കെ ബി ഗീത നിരസിച്ചു.
വാനിൽ കൊണ്ടുപോകുകയായിരുന്ന 2,250 ബ്രോയിലർ കോഴികളിൽ ഏകദേശം 2,000 കോഴികൾ അപകടത്തിൽ ചത്തതായും 250 കോഴികളെ നാട്ടുകാർ കൊണ്ടുപോയതായും പരാതിക്കാരൻ കോടതിയെ അറിയിച്ചു. ഇൻഷുറൻസ് തുക നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. 5.90 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.
കർണാടക മോട്ടോർ വാഹന നിയമ പ്രകാരം ആട്, എരുമ, കാള, പശു, മാൻ, കുതിര, കോവർകഴുത, കഴുത, പന്നി എന്നിവയെ മാത്രമേ കന്നുകാലിയായി കണക്കാക്കാൻ കഴിയു എന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ വാഹനാപകടത്തിൽ കോഴികൾ ചത്താലും കന്നുകാലികളായി കണക്കാക്കാം എന്നായിരുന്നു കർണാടക ഹൈക്കോടതിയുടെ വിധി.
വാഹനാപകട നഷ്ടപരിഹാരമായി 4.51 ലക്ഷം രൂപ കോഴിഫാം ഉടമയ്ക്ക് കോടതി അനുവദിച്ചു. എട്ട് ആഴ്ചയ്ക്കുള്ളിൽ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിന് മുമ്പാകെ നഷ്ടപരിഹാര തുക പലിശയോടൊപ്പം നിക്ഷേപിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് കോടതി നിർദ്ദേശം നൽകി.









0 comments