സതീശനെയും മോദിയെയും പുകഴ്ത്താത്ത ഉള്ളടക്കം വേണ്ട; മാധ്യമ പോസ്റ്റുകൾക്ക് സെന്‍ഷര്‍ഷിപ്പ്

തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകളെ സംബന്ധിച്ചുള്ള വാര്‍ത്തകളും ഉള്ളടക്കങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി വി ഡി സതീശനെയും കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. ദേശാഭിമാനി, റിപ്പോർട്ടർ, കൈരളി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്കാണ് ഇന്ത്യയിൽ നിയന്ത്രണം നേരിടുന്നത്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് നിരവധി പോസ്റ്റുകളാണ് ഇത്തരത്തിൽ റിമൂവ് ചെയ്യിപ്പിച്ചിട്ടുള്ളത്.
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ദേശാഭിമാനിയുടെ വിവിധ വാർത്തകളും പോസ്റ്റുകളും ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് കാണാനാകാത്ത വിധം നിയന്ത്രിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവച്ച പോസ്റ്റുകൾക്കും സമാന നിയന്ത്രണം ഉണ്ടായി.
ദേശാഭിമാനി ഔദ്യോഗികമായി പങ്കുവെച്ച പ്രാധാന്യമുള്ള പല വാർത്താ കാർഡുകൾക്കാണ് മെറ്റ ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ആർഎസ്എസ് പിന്തുണയുള്ള യുഡിഎഫ് സർക്കാരിന്റെ നടപടികളെ തുറന്നുകാട്ടുന്ന വാർത്താ കാർഡുകൾ, മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ വാർത്തകൾ, കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ തുടങ്ങിയവയാണ് റിമൂവ് ചെയ്തിട്ടുള്ളത്.
“Your photo is unavailable in India” എന്ന സന്ദേശമാണ് നിയന്ത്രിക്കപ്പെട്ട പോസ്റ്റുകൾ തുറക്കുമ്പോൾ ഫേസ്ബുക്ക് നൽകുന്നത്. ഇതോടെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ വാർത്തകളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നേരിട്ട് കാണാൻ കഴിയാത്ത സാഹചര്യമാണ്.
ഇതേ രീതിയിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ലഹരിക്കേസിൽ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ടറിന്റെ വാർത്തയ്ക്കും ഫേസ്ബുക്കിൽ നിയന്ത്രണം നേരിട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.
ആർഎസ്എസ് വക്താക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടുകൾ ചോദ്യം ചെയ്തുകൊണ്ടുള്ള കൈരളി ടിവിയുടെ വാർത്താ കാർഡുകളും ബ്ലോക്ക് ചെയ്യപ്പെട്ടു.
നരേന്ദ്ര മോദി സർക്കാരും വി ഡി സതീശൻ സർക്കാരും ഒരുപോലെ മാധ്യമസ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം നടത്തുന്നതിന്റെ കൃത്യമായ സൂചനകളാണ് പുറത്തുവരുന്നത്. ഐടി ആക്ടിലെ (Intermediary Guidelines and Digital Media Ethics Code Rules) നിയമങ്ങൾ ദുരുപയോഗം ചെയ്ത്, മാധ്യമങ്ങൾ നൽകുന്ന നിർണായക വാർത്തകളും ചിത്രങ്ങളും ഇന്ത്യയിലെ ഉപയോക്താക്കൾക്ക് കാണാൻ കഴിയാത്ത വിധം ഫേസ്ബുക്ക്/മെറ്റ വഴി തടയുകയാണ്.
കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സംബന്ധിച്ചുള്ള നിരവധി മാധ്യമ ഉള്ളടക്കങ്ങൾക്ക് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംഭവത്തിൽ വിമർശനങ്ങൾ ശക്തമാകുകയാണ്. സർക്കാരുകൾക്ക് അനുകൂലമല്ലാത്ത വാർത്തകൾ മാത്രം തിരഞ്ഞെടുത്ത് സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്ന സാഹചര്യമാണെങ്കിൽ അത് മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള ഗുരുതരമായ ഇടപെടലാണെന്നാണ് വിമർശനം.









0 comments