എംഎസ്‌സി എൽസയിലെ അപകടകരമായ വസ്തുക്കൾ കടലിനടിയിൽ കിടക്കുന്നു; സമ്മതിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം : കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ കപ്പലിൽ നിന്നുള്ള മാലിന്യങ്ങളും ദോഷകരമായ വസ്തുക്കളും നീക്കുന്നതിൽ കൃത്യമായ മറുപടിയില്ലാതെ കേന്ദ്രസർക്കാർ. കടലിനടിയിലുള്ള പരിശോധനക്ക് നാവികസേനയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് കേരള ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ നൽകിയ മറുപടി. കപ്പലപകടത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പൊതുതാല്പര്യ ഹർജികളിലാണ് കേന്ദ്രത്തിന്റെ എങ്ങും തൊടാതെയുള്ള പ്രതികരണം.
കേരള-തമിഴ്നാട് തീരങ്ങളിൽ വലിയ തോതിലുള്ള സമുദ്ര മലിനീകരണത്തിന് കാരണമായ കപ്പൽ ദുരന്തമായിരുന്നു ഇത്. കപ്പൽ മുങ്ങി ഒരു വർഷം കഴിഞ്ഞിട്ടും പുറത്തെത്തിയ വസ്തുക്കൾ ഇപ്പോഴും കടലിനടിയിൽ കിടക്കുകയാണ്. പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ, പരിസ്ഥിതിക്ക് ദോഷകരമാകുന്ന പദാർഥങ്ങൾ എന്നിവ നീക്കം ചെയ്തിട്ടില്ല. കണ്ടെയ്നറുകളിൽ നിന്നുള്ള എണ്ണ ചോർച്ച നിർത്താനും കഴിഞ്ഞിട്ടില്ല. കണ്ടെയ്നറുകളുടെ അവശിഷ്ടങ്ങളും കടലിനടിയിലുണ്ട്.
കപ്പലിന്റെ ഉറപ്പും നിലവിലെ സ്ഥിതിയും വിലയിരുത്തുന്നതിനുള്ള നാവികസേനയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. കപ്പൽ മുങ്ങിയ പ്രദേശത്തെ അന്തരീക്ഷ സാഹചര്യം സുരക്ഷിതമല്ലെന്നാണ് കേന്ദ്രം പറയുന്നത്.
2007ലെ നെയ്റോബി അന്താരാഷ്ട്ര കൺവെൻഷൻ മുന്നോട്ട് വെച്ച തീരുമാനങ്ങൾ പ്രകാരം, കപ്പൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ബാധ്യത കപ്പൽ ഉടമയ്ക്കാണെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കപ്പലിന്റെ അവശിഷ്ടങ്ങൾ ഗതാഗതത്തിന് തടസമാകുന്നില്ല. എന്നാൽ കാത്സ്യം കാർബൈഡ് പോലുള്ള അപകടകരമായ വസ്തുക്കൾ വരെ കപ്പലിലുണ്ടായിരുന്നു. ഇതെല്ലാം സമുദ്ര മലിനീകരണത്തിന് കാരണമാകും.
കപ്പലിൽ നിന്നുള്ള അപകടകരമായ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നും ദുരന്തബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പൊതുതാല്പര്യ ഹർജികളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലൊന്നും കേന്ദ്രസർക്കാർ കൃത്യമായ മറുപടി നൽകിയിട്ടില്ല.









0 comments