ad
Deshabhimani

കോംഗോയിൽ എബോള ബാധിച്ച് 2,011 മരണം; അതിവേഗ വ്യാപനമെന്ന് ആരോഗ്യവിദഗ്ധർ

Congo

Image Credit : REUTERS/Gradel Muyisa Mumbere/File Photo

വെബ് ഡെസ്ക്

Published on Aug 11, 2026, 08:38 PM | 1 min read

ഡാക്കർ : കോം​ഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 2,011 ആയി ഉയർന്നതായി സർക്കാർ അറിയിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വേ​ഗത്തിൽ പടരുന്ന എബോള വ്യാപനമാണിതെന്ന് ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.


കോം​ഗോയിലെ അഞ്ച് പ്രവിശ്യകളിലായി 4,381 പേർക്ക് രോ​ഗം സ്ഥിരീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര സംഘർഷങ്ങൾ, അപര്യാപ്തമായ ആരോ​ഗ്യ സംവിധാനങ്ങൾ, രോ​ഗം സ്ഥിരീകരിക്കാനുള്ള കാലതാമസം എന്നിവയാണ് വൈറസ് കൂടുതൽ വേ​ഗത്തിൽ പടരാൻ കാരണം.


കോം​ഗോയിലെ 17ാമത്തെ എബോള വ്യാപനമാണിത്. എബോളയുടെ ബുണ്ടിബു​ഗ്യോ എന്ന വകഭേദമാണ് നിലവിൽ വ്യാപിക്കുന്നത്. അം​ഗീകൃത വാക്സിനുകളോ ചികിത്സകളോ ലഭ്യമല്ലാത്ത വകഭേദമാണിത്. കോം​ഗോയിലെ എബോള വ്യാപനത്തെ ലോകാരോ​ഗ്യ സംഘടന അന്താരാഷ്ട്ര തലത്തിൽ ആശങ്കയുണ്ടാക്കാൻ സാധ്യതയുള്ള പൊതുജനാരോ​ഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. അയൽരാജ്യമായ ഉ​ഗാണ്ടയിലേക്കും രോ​ഗം വ്യാപിച്ചതിനാലാണ് ഈ നടപടിയെടുത്തത്.


ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ​ഗിനിയ, ലൈബീരിയ, സിയറ ലിയോൺ എന്നിവിടങ്ങളിലായി 2014-16 വർഷത്തിൽ 28,616 കേസുകളും 11,310 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് പടിഞ്ഞാറൻ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ എബോള വ്യാപനം. അന്ന് ഏകദേശം 5 മാസമെടുത്താണ് മരണസംഖ്യ ആയിരത്തിൽ എത്തിയതെങ്കിൽ നിലവിൽ മൂന്ന് മാസത്തിനുള്ളിലാണ് 2,000 കടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home