ബംഗാൾ എസ്ഐആർ; അപ്പീൽ തീർപ്പാക്കാൻ സമയപരിധിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് എസ്ഐആറിലൂടെ പുറത്താക്കപ്പെട്ടവർ നൽകിയ അപ്പീലുകളിൽ തീർപ്പുകൽപ്പിക്കാൻ സമയപരിധി നിഷേധിച്ച് സുപ്രീംകോടതി. അപ്പീലുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അപ്പലേറ്റ് ട്രിബ്യൂണലുകൾ വഴിയുള്ള തീർപ്പാക്കൽ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷനോട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ആഗസ്ത് 25ലേക്ക് മാറ്റി.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന കാലതാമസം പരിഹരിക്കാൻ മാത്രമേ കോടതിക്ക് ഇടപെടാനാകൂ എന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസുകൾ തീർപ്പാക്കുന്നതിൽ സമയമെടുക്കുന്നുണ്ടെങ്കിൽ സംവിധാനം പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും കോടതി വിലയിരുത്തി.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിലൂടെ റേഷൻ കാർഡ് പോലുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിനാൽ അപ്പീൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട സ്ത്രീകൾക്ക് അന്നപൂർണ യോജന പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്ന് ബിജെപി സർക്കാർ പറഞ്ഞിരുന്നു. മെയ് 19ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് എസ്ഐആറിൽ പേരില്ലാത്തവർ ട്രിബ്യൂണലിൽ അപ്പീൽ നൽകിയില്ലെങ്കിൽ സ്ത്രീകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ അറിയിച്ചത്.
പൊതുവിതരണ സമ്പ്രദായത്തിൽ നിന്നും പുറത്താക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. എസ്ഐആറിന് ശേഷം വോട്ടർപട്ടികയിൽ പേരില്ലാത്തവരെ പൊതുവിതരണ സമ്പ്രദായത്തിലെ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിർദേശം.
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച 34 ലക്ഷം അപ്പീലുകളിൽ അപ്പലേറ്റ് ട്രിബ്യൂണൽ 38,000 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. ഈ അപ്പീലുകളിൽ 70 ശതമാനം പേരെ മാത്രമാണ് വോട്ടർ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്.









0 comments