ad
Deshabhimani

കെ എം ബഷീർ കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെൽമറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

k m basheer sreeram
വെബ് ഡെസ്ക്

Published on Aug 11, 2026, 09:31 PM | 1 min read

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ അപകട സ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകൾ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. അപകടസമയത്ത് ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മറ്റുമാണ് സാക്ഷി തിരിച്ചറിഞ്ഞത്. ഓട്ടോ ഡ്രൈവറുമായ വിളപ്പില്‍ശാല സ്വദേശി സജീറാണ് തിരുവനന്തപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയിലെത്തി ഇവ തിരിച്ചറിഞ്ഞത്. ബഷീറിനെ മദ്യലഹരിയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ പന്ത്രണ്ടാം സാക്ഷിയാണ് സജീർ.


എന്നാൽ അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത നമ്പർപ്ലേറ്റ് ഏത് വാഹനത്തിന്റേതാണെന്ന് അറിയില്ലെന്നും അപകടത്തിന് ശേഷമാണ് സ്ഥലത്തെത്തിയതെന്നുമാണ് സജീറിന്റെ മൊഴി. അതിനാൽ തന്നെ അപകടത്തിനിടയാക്കിയ വാഹനമോടിച്ചതാരാണെന്നതിലും സജീറിന് വ്യക്തതയില്ലെന്ന് കോടതിയെ അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിൽ നിന്ന് ശേഖരിച്ച തെളിവുകളും സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ ഇതുവരെ വിസ്തരിച്ച പന്ത്രണ്ട് സാക്ഷികളിൽ ഒരാൾ കൂറുമാറി. കേസിലെ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷെഫീക്കാണ് കൂറുമാറിയത്.


അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതായി കേശവദാസപുരം സ്വദേശി ഡോ. അനീഷ് രാജ് മൊഴി നല്‍കിയിട്ടുണ്ട്. വസ്ത്രങ്ങള്‍ കവടിയാറിലെ സിവില്‍ സര്‍വീസ് ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി വെക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ നിന്നും കിംസ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് പറഞ്ഞു. കവടിയാറിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചിരുന്ന രക്തം പുരണ്ട ഷര്‍ട്ടും നീല ജീന്‍സും പൊലീസിനെ ഏല്‍പ്പിച്ചത് താനാണെന്ന് കുടപ്പനക്കുന്ന് സ്വദേശി ഐഎഎസ് ട്രെയിനി അതുലും മൊഴി നൽകിയിട്ടുണ്ട്.


2019 ആഗസ്‌ത്‌ മൂന്നിന് പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരം മ്യൂസിയത്തിനുസമീപമാണ് കെ എം ബഷീർ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home