എയർ ഇന്ത്യ പൈലറ്റിന്റെ രണ്ടാം മയക്കുമരുന്ന് പരിശോധന ഫലവും പോസിറ്റീവ്

മുംബൈ : എയർ ഇന്ത്യയുടെ ഫുക്കറ്റ് - ഡൽഹി വിമാനത്തിലെ പൈലറ്റിന്റെ രണ്ടാം മയക്കുമരുന്ന് പരിശോധന ഫലവും പോസിറ്റീവെന്ന് റിപ്പോർട്ട്. പറന്നുകൊണ്ടിരിക്കെ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച് 17 പേർക്ക് പരിക്കേൽക്കാൻ കാരണമായ സംഭവത്തിലാണ് പൈലറ്റിന്റെ മെഡിക്കൽ പരിശോധന നടത്തിയത്.
ആഗസ്ത് 4നാണ് എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനം പറക്കുന്നതിനിടെ പെട്ടന്ന് താഴേക്ക് പതിച്ചത്. കാലാവസ്ഥ മോശമായതിനെ തുടർന്നുള്ള അന്തരീക്ഷച്ചുഴിയാണ് അപകടകാരണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെയും എയർ ഇന്ത്യയുടെയും പ്രാഥമിക നിഗമനം.
അതേസമയം വിമാനത്തിന്റെ ഹൈഡ്രോളിക്, കൺട്രോൾ സിസ്റ്റങ്ങളിൽ തകരാറുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതും എഎഐബി അന്വേഷിക്കും. പൈലറ്റുമാർ ഈ അടിയന്തര സാഹചര്യം എങ്ങനെ കൈകാര്യം ചെയ്തെന്നും അന്വേഷിക്കും. പ്രാദേശിക സമയം രാവിലെ 8.41ന് ഫുക്കറ്റിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് യാത്ര ആരംഭിച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് സാങ്കേതിക തകരാറുളുണ്ടായത്. 137 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കോക്പിറ്റിലെ സാങ്കേതിക തകരാറുകളെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം പൈലറ്റുമാർ മാന്വലായി ഏറ്റെടുക്കുകയായിരുന്നുവെന്നാണ് നിഗമനം. ഈ വിഷയത്തിൽ വ്യോമയാന മന്ത്രി എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണെ വിളിച്ചുവരുത്തി നേരിട്ട് വിവരങ്ങൾ അന്വേഷിച്ചിരുന്നു. ആദ്യം ഡിജിസിഎ അന്വേഷിച്ച ഈ സംഭവം വിശദമായ അന്വേഷണങ്ങൾക്കായി എഎഐബിക്ക് കൈമാറുകയായിരുന്നു.









0 comments