എസ്ഐആർ: പ്രകാശ് രാജിനെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി

ബംഗളൂരു: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ(എസ്ഐആർ)ത്തിലൂടെ നടൻ പ്രകാശ് രാജിനെ ബംഗളൂരുവിലെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. നടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 'ബംഗളൂരുവിൽ ജനിച്ച് വളർന്ന തന്നെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് നല്ല തമാശയായിട്ടുണ്ടെ'ന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രകാശ് രാജ് പറഞ്ഞു.
'ജനിച്ച് വളർന്നതും വിദ്യാഭ്യാസം നേടിയതും കണാടകത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. ആ തന്റെ പേര് ഇപ്പോൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടിയ 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് താനെ'ന്നും പ്രകാശ് രാജ് വീഡിയോയിൽ പറഞ്ഞു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അതിന് ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും നടൻ പറഞ്ഞു. "തമാശ നല്ലതാണ്, നിങ്ങൾ അവ തുടർന്നോളൂ, എന്റെ അവകാശം ലഭിക്കാനുള്ള എല്ലാ രേഖകളും എന്റെ പക്കലുണ്ട് "- പ്രകാശ് രാജ് വ്യക്തമാക്കി.
രാഷ്ട്രീയ അധികാരം ഉപയോഗിച്ച് ചില പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാനാണ് ചിലർ ശ്രമിക്കുന്നത്. പക്ഷെ, ജനങ്ങളുടെ ജനാധിപത്യ ശക്തിയിലൂടെ അവരെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നത് തടയാനാകില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.









0 comments