മുൻ രജിസ്‌ട്രാർക്ക് എതിരായ വിസിയുടെ നോട്ടീസിന് സ്‌റ്റേ
print edition മോഹനൻ കുന്നുമ്മലിന്റേത് അധികാര ദുർവിനിയോഗം

കൊച്ചി
കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് കുറ്റാരോപണ മെമ്മോ നൽകിയ വെെസ്ചാൻസലർ മോഹനൻ കുന്നുമ്മലിന് ഹെെക്കോടതിയുടെ രൂക്ഷവിമർശം. സസ്‌പെൻഷൻ ഉത്തരവ് സിന്‍ഡിക്കറ്റ് റദ്ദാക്കിയശേഷവും അനിൽകുമാറിന് കുറ്റാരോപണ മെമ്മോ നൽകിയതിലൂടെ വെെസ്ചാൻസലർ അധികാരദുർവിനിയോഗം നടത്തിയെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. കുറ്റാരോപണമെമ്മോ അടക്കം അനിൽകുമാറിനെതിരായ തുടർനടപടികളും സ്റ്റേ ചെയ്തു.
എന്ത് അടിയന്തര സാഹചര്യത്തിലാണ് ഇത്തരമൊരു മെമ്മോ നൽകിയതെന്ന് വ്യക്തമാക്കാനും വിസിയോട് ആവശ്യപ്പെട്ടു. കുറ്റാരോപണ മെമ്മോ നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അനിലിന്റെ ഹർജി.
രജിസ്ട്രാർക്കെതിരെ അടിയന്തര നടപടി എടുക്കേണ്ട സാഹചര്യത്തിൽ സിൻഡിക്കറ്റിനെ അറിയിച്ച് വിസി അനുമതി വാങ്ങണമായിരുന്നെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഡിസംബർ 16ന് മെമ്മോ നൽകിയശേഷം 24ന് സിൻഡിക്കറ്റ് യോഗമുണ്ടായിരുന്നു. അതിൽ വിസി വിഷയം അവതരിപ്പിച്ചില്ല. കുറ്റാരോപണ മെമ്മോ നൽകിയത് ആശ്ചര്യപ്പെടുത്തുന്നതാണ്. ഇതിനുപിന്നിൽ മറ്റെന്തൊക്കെയോ താൽപ്പര്യമുണ്ടെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. അടിയന്തരസാഹചര്യങ്ങളിൽ മാത്രം വിസിക്ക് ഉപയോഗിക്കാവുന്ന സെക്‌ഷൻ 10 (13) പ്രകാരമാണ് നടപടിയെന്നായിരുന്നു വിസിയുടെ മറുപടി. സസ്പെൻഷൻ കാലയളവിൽ ഫയലുകൾ കെെകാര്യം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മെമ്മോ.
സർവകലാശാല സെനറ്റ് ഹാളിൽ ഗവർണറെ പങ്കെടുപ്പിച്ച് പത്മനാഭസേവാ ഭാരതി നടത്തിയ സെമിനാറിലെ സംഭവവികാസങ്ങളെ തുടർന്നാണ് പ്രതികാരനടപടിയുടെ ഭാഗമായി കഴിഞ്ഞ ജൂലെെ രണ്ടിന് രജിസ്‌ട്രാറെ വിസി സസ്‌പെൻഡ് ചെയ്‌തത്. ഈ നടപടി ഹൈക്കോടതി നിർദേശപ്രകാരം നവംബർ ഒന്നിന് ചേർന്ന സിൻഡിക്കറ്റ് യോഗം റദ്ദാക്കി. ഇതംഗീകരിക്കാതെ നടപടിക്ക് ചാൻസലർക്ക് വിടുകയാണ് വിസി ചെയ്തത്. പിന്നാലെ ഡിസംബർ 16ന് കുറ്റാരോപണ മെമ്മോയും നൽകി.
ഇതിനിടെ അനിൽകുമാറിനെ മാതൃസ്ഥാപനമായ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ തസ്തികയിലേക്ക് തിരിച്ചയച്ച് സർക്കാർ ഉത്തരവിട്ടിരുന്നു. രജിസ്ട്രാർ പദവി ഒഴിഞ്ഞ് പ്രിൻസിപ്പലായി ചുമതലയേറ്റശേഷവും തനിക്കെതിരെ വിസി പ്രതികാരനടപടികൾ തുടരുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ സർവകലാശാലയടക്കം മറ്റു എതിർകക്ഷികൾക്കും നോട്ടീസ് അയക്കാൻ നിർദേശിച്ചു.










0 comments