print edition കോടതിയലക്ഷ്യക്കേസിലും തിരിച്ചടി ; മോഹനൻ കുന്നുമ്മൽ നേരിട്ട് ഹാജരാകണം

കൊച്ചി
കോടതിയലക്ഷ്യക്കേസിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ മാർച്ച് 11ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ച് തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന സിൻഡിക്കറ്റ് തീരുമാനം നടപ്പാക്കാൻ ഹൈക്കോടതി വിസിയോട് ഉത്തരവിട്ടിരുന്നു. ഉത്തരവ് പാലിക്കാത്തത് ചൂണ്ടിക്കാട്ടി ഡോ. കെ എസ് അനിൽകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്.
സിൻഡിക്കറ്റ് തീരുമാനത്തെ എതിർത്ത വിസിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണൻ വിലയിരുത്തി. രജിസ്‌ട്രാർക്കു ചുമതല നൽകുന്ന കാര്യത്തിൽ ചാൻസലറുടെ അനുമതികാത്തിരിക്കുകയാണെന്ന നിലപാട് അംഗീകരിക്കാനാവില്ല. കോടതി ഉത്തരവ് നടപ്പാക്കുന്നത് അനന്തമായി നീട്ടാനാവില്ല. കേസിൽ വിസി ഇതുവരെ സത്യവാങ്‌മൂലം ഫയൽ ചെയ്‌തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവ് നടപ്പാക്കാത്തതിന്റെ കാരണം മോഹനൻ കുന്നുമ്മൽ കോടതിയിൽ നേരിട്ട് വിശദീകരിക്കേണ്ടി വരും. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ കോടതിയലക്ഷ്യനടപടികളുമായി ഹൈക്കോടതി മുന്നോട്ടുപോകും. കാലാവധി തീരുംമുന്പേ കേരള സർവകലാശാല വിദ്യാർഥി യൂണിയനെ അസാധുവാക്കിയ നടപടി കഴിഞ്ഞയാഴ്‌ച ഹൈക്കോടതി റദ്ദാക്കിയിരുന്നു. കലോത്സവം ഉൾപ്പെടെ യൂണിയൻ നേരത്തേ നിശ്ചയിച്ച പരിപാടികൾ നടത്താമെന്നും കലോത്സവത്തിനായി അനുവദിച്ച ഫണ്ട് യൂണിയന് കൈമാറണമെന്നും നിർദേശിച്ചിരുന്നു.










0 comments