print edition കേരള സർവകലാശാല യൂണിയന് തുടരാം ; മോഹനൻ കുന്നുമ്മലിന് വീണ്ടും പ്രഹരം

കൊച്ചി
കേരള സർവകലാശാല വിദ്യാർഥി യൂണിയന് കാലാവധി അവസാനിക്കുംവരെ തുടരാമെന്നും കലോത്സവം ഉൾപ്പെടെ നേരത്തെ നിശ്ചയിച്ച പരിപാടികൾ നടത്താമെന്നും ഹെെക്കോടതി. കാലാവധി തീരുംമുന്പേ യൂണിയൻ അസാധുവാക്കിയ താൽക്കാലിക വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടി ചോദ്യം ചെയ്‌ത് നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവിട്ടത്. കലോത്സവത്തിനായി സർവകലാശാല അനുവദിച്ച ഫണ്ട് കെെമാറാനും കോടതി വിസിയോട് നിർദേശിച്ചു. ഫെബ്രുവരി 28വരെ കാലാവധിയുള്ള നിലവിലുള്ള യൂണിയന് 26വരെ ചുമതല വഹിക്കാം. പുതിയ യൂണിയൻ 27ന് നിലവിൽവരും.
യുവജനോത്സവം നടത്തുക, അന്തർ സർവകലാശാലാ കായികമേളയിൽ പങ്കെടുത്തവർക്ക് ടിഎ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാർഥികൾ സമരത്തിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ 10ന് യൂണിയനെ അസാധുവാക്കി വിസി പ്രതികാരനടപടി സ്വീകരിച്ചത്. നേരത്തെ നിശ്ചയിച്ച നാടകോത്സവം, ചലച്ചിത്രമേള, വിദ്യാർഥി കോൺക്ലേവ് തുടങ്ങിയ പരിപാടികൾ നടത്തുന്നതിൽനിന്ന് യൂണിയനെ വിലക്കാനായിരുന്നു വിസിയുടെ നാടകം. തുടർന്ന് വിവിധ കോളേജുകളിലെ യുയുസിമാരെ ഉൾപ്പെടുത്തി വിസി ജനറൽ കൗൺസിൽ രൂപീകരിച്ചിരുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ ജനറൽ കൗൺസിൽ അസാധുവായി.
കലോത്സവ ഫണ്ട് നൽകണമെന്ന് സിൻഡിക്കറ്റ് അംഗങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിസി വഴങ്ങിയിരുന്നില്ല. സർവകലാശാലയിൽ കലയും കായികവിനോദങ്ങളും അനുവദിക്കില്ലെന്ന വിസിയുടെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ യൂണിയൻ ചെയർപേഴ്സൺ എസ് അശ്വിൻ ആണ് ഹർജി നൽകിയത്. യൂണിയനുവേണ്ടി അഡ്വ. ടി ബി ഹൂദ് ഹാജരായി. നിലവിൽ വിസിക്കെതിരെ വിദ്യാർഥികൾ രാപകൽ സമരത്തിലാണ്.










0 comments