ad
Deshabhimani

ദേശാഭിമാനി 
പുരസ്‌കാരം 
ഡോ. എം ലീലാവതിക്ക്‌

leelavathi
വെബ് ഡെസ്ക്

Published on May 18, 2025, 12:00 AM | 1 min read

തിരുവനന്തപുരം : ഈ വർഷത്തെ ദേശാഭിമാനി പുരസ്‌കാരം മലയാള നിരൂപണ ശാഖയിലെ ജ്വലിക്കുന്ന സാന്നിധ്യമായ ഡോ. എം ലീലാവതിക്ക്‌. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ്‌ പുരസ്‌കാരം. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ എറണാകുളത്തെ വീട്ടിലെത്തി പുരസ്‌കാര വിവരം അറിയിച്ചു. മൂന്നുലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട്‌ സമ്മാനിക്കും.


ബഹുമതിയിൽ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്ന്‌ എം ലീലാവതി പ്രതികരിച്ചു. കവിത, ജീവചരിത്രരചന, വിവർത്തനം തുടങ്ങി വിവിധ സാഹിത്യമേഖലകളിൽ അദ്വിതീയ സംഭാവനകൾ നൽകിയ പ്രതിഭയാണ്‌ ഡോ. എം ലീലാവതി. പ്രഭാഷക, അധ്യാപിക എന്നീ നിലകളിലും പ്രശസ്‌ത. മുക്കാൽ നൂറ്റാണ്ടോളമായി സാഹിത്യരംഗത്ത് നിറഞ്ഞുനിൽക്കുന്ന ടീച്ചർക്ക്‌ പത്മശ്രീ, സോവിയറ്റ്‌ ലാൻഡ്‌ നെഹ്റു അവാർഡ്, കേന്ദ്ര,-കേരള സാഹിത്യ അക്കാദമി അവാർഡുകൾ, കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം, എഴുത്തച്ഛൻ പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, വള്ളത്തോൾ പുരസ്‌കാരം, വയലാർ അവാർഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു.


മലയാള സാഹിത്യത്തിനും ഗവേഷണ വിദ്യാർഥികൾക്കും എക്കാലവും പ്രയോജനപ്പെടുന്ന പല ബൃഹദ്‌ ഗ്രന്ഥങ്ങളുടെയും രചയിതാവാണ്‌. മലയാള കവിതാസാഹിത്യ ചരിത്രം, കവിതയും ശാസ്‌ത്രവും, കണ്ണീരും മഴവില്ലും, നവരംഗം, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, വർണ്ണരാജി, ജിയുടെ കാവ്യജീവിതം, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ ഒരു പഠനം, ധ്വനിപ്രയാണം, കവിതാധ്വനി, ചെറുകാടിന്റെ സ്‌ത്രീകഥാപാത്രങ്ങൾ, സാഹിത്യനിരൂപണത്തിലെ ദിശാബോധം, ഫെമിനിസം- ചരിത്രപരമായ ഒരന്വേഷണം തുടങ്ങിയവ പ്രധാന കൃതികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home