ad
Deshabhimani

print edition മലയാളത്തെ സമ്പന്നമാക്കിയ അക്ഷരപുണ്യം

deshabhimani award Dr. M Leelavathi
വെബ് ഡെസ്ക്

Published on Oct 26, 2025, 03:01 AM | 1 min read

കൊച്ചി

ഡോ. എം ലീലാവതിയുടെ സാഹിത്യസംഭാവനകളെ വിലയിരുത്തി, മലയാളത്തിന്റെ പുണ്യം എന്നാണ്‌ എം ടി വാസുദേവൻനായർ ടീച്ചറെ വിശേഷിപ്പിച്ചത്‌. സാഹിത്യത്തിലും ഭാഷയിലും ടീച്ചർക്കുള്ള അഗാധ പാണ്ഡിത്യത്തെ കണക്കിലെടുത്തായിരുന്നില്ല എം ടിയുടെ നിരീക്ഷണം; മറിച്ച്‌ സാഹിത്യകൃതികളുടെ ആഴങ്ങളിലേക്കും ആത്മാവിലേക്കും സഞ്ചരിച്ച്‌ വെളിപ്പെടുത്തിയ ലാവണ്യാനുഭവങ്ങളുടെ തിളക്കത്തെയാണ്‌ എം ടി വിലമതിച്ചത്‌. ടീച്ചർക്ക്‌ ജീവശ്വാസംപോലെ ജീവിതത്തോട്‌ ഇഴചേർന്നതാണ്‌ സാഹിത്യപ്രവർത്തനം. സമൂഹ്യപ്രതിബദ്ധതയോടെ ജീവിതത്തെ മുന്നോട്ടുനയിക്കാനുള്ള പ്രചോദനമായാണ്‌ വായനയെയും എഴുത്തിനെയും കണ്ടത്‌.


കുട്ടിയായിരിക്കുന്പോൾമുതൽ വായനയുണ്ടായിരുന്നു. മുത്തച്ഛന്‌ സാഹിത്യക്കമ്പമുണ്ടായിരുന്നു. അമ്മ നല്ല വായനക്കാരിയും. ഇളയ അമ്മാവന്‌ ചെറളയം കോവിലകത്തായിരുന്നു ജോലി. അദ്ദേഹം അവിടെനിന്ന്‌ ധാരാളം പുസ്‌തകങ്ങൾ അമ്മയ്‌ക്കായി കൊണ്ടുവരും. അത്‌ വായിക്കുകമാത്രമല്ല, പകർപ്പെഴുതി സ‍ൂക്ഷിക്കുന്ന ശീലവുമുണ്ടായിരുന്നു അമ്മയ്‌ക്ക്‌. അങ്ങനെ പകർത്തിസൂക്ഷിച്ച ആശാന്റെയും വള്ളത്തോളിന്റെയും കൃതികൾ സ്‌കൂൾ പഠനകാലത്തുതന്നെ ലീലാവതി മനപ്പാഠവുമാക്കി. അന്ന്‌ ഹൃദയത്തിൽ അലിയിച്ച കവിതകളാണ്‌ മഹാരാജാസിലെ പഠനകാലത്ത്‌ അക്ഷരശ്ലോക മത്സരങ്ങളിൽ ഉരുക്കഴിച്ചത്‌. ഒന്പതാംക്ലാസിൽ പഠിക്കുന്പോൾ ആദ്യലേഖനം ബാലമാസികയിൽ എഴുതി. ബിഎ പഠനകാലത്താണ്‌ കുട്ടിക്കൃഷ്‌ണമാരാരുടെ ജി വിമർശനത്തിന്‌ മറുപടിയെഴുതി നിരൂപണത്തിൽ സാന്നിധ്യമറിയിച്ചത്‌.


കവിത, കഥ, നോവൽ നിരൂപണ സാഹിത്യമെന്നപോലെ സാഹിത്യചരിത്രത്തിലെ ടീച്ചറുടെ ഗവേഷണപഠനങ്ങൾ മലയാളത്തിലെ അമൂല്യകൃതികളുടെ ശേഖരത്തിലുള്ളതാണ്‌. നാടൻപാട്ടുകൾ മുതൽക്ക്‌ മലയാള കവിതാശാഖയുടെ ക്രമാനുഗത വളർച്ചയുടെ ചരിത്രമാണ്‌ കവിതാസാഹിത്യ ചരിത്രം. നിരവധി പതിപ്പുകളിറങ്ങിയ പുസ്‌തകം കൂട്ടിച്ചേർക്കലോടെ കാലാനുസൃതമാക്കാനും ടീച്ചർ ശ്രമിച്ചിരുന്നു. 24,000 ശ്ലോകങ്ങളുള്ള വാല്‌മീകി രാമായണത്തിന്റെ വിവർത്തനവും ‘ഭാരതസ്‌ത്രീ– പ്രാചീന സാഹിത്യത്തിൽ’ എന്ന പഠനവും മറ്റു രണ്ട്‌ അമൂല്യ രചനകളാണ്‌. വേദങ്ങൾ, ഇതിഹാസങ്ങൾ, ഉപനിഷത്തുകൾ, ബ‍ൗദ്ധ സാഹിത്യം എന്നിവകളിലൂടെ ആഴത്തിലുള്ള സഞ്ചാരമാണ്‌ ‘ഭാരതസ്‌ത്രീ– പ്രാചീന സാഹിത്യത്തിൽ’ എന്ന രചന. ഇതുപോലൊരു സ്‌ത്രീ സ്വത്വാനേഷണം മറ്റൊരു ഇന്ത്യൻഭാഷയിലും നടന്നിട്ടില്ലെന്നതിനാൽ പുസ്‌തകത്തിന്‌ പരിഭാഷകളില്ലാതെപോയത്‌ ടീച്ചറെ നിരാശപ്പെടുത്തി. ‘സ്‌ത്രീ സ്വത്വാവിഷ്‌കാരം– സ്വാതന്ത്ര്യലബ്ധിക്കുശേഷം മലയാള സാഹിത്യത്തിൽ’ എന്ന പുസ്‌തകം മലയാളത്തിലെ അതുവരെയുള്ള മുഴുവൻ വനിതാ എഴുത്തുകാരുടെയും രചനകളിലൂടെ കടന്നുപോയതിന്റെ ആകെത്തുകയായിരുന്നു. ഫെമിനിസം വിഷയമാക്കി മലയാളത്തിൽ എഴുതപ്പെട്ട ആദ്യപുസ്‌തകവും ലീലാവതിയുടേതാണ്‌. ‘ഫെമിനിസം ചരിത്രപരമായ അന്വേഷണം’ എന്നാണ്‌ ശീർഷകം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home