ad
Deshabhimani

ഡോ. എം ലീലാവതി സാഹിത്യോത്സവം 28ന്‌

print edition മലയാളമെഴുത്തിന്‌ 
വഴികാട്ടിയ ‘നല്ലെഴുത്ത്‌’

deshabhimani award Dr. M Leelavathi
വെബ് ഡെസ്ക്

Published on Oct 23, 2025, 03:32 AM | 1 min read


കൊച്ചി

‘ഡോ. എം ലീലാവതിയോളം ഗ്രന്ഥപൂജ നിർവഹിച്ചവർ ഭാഷയിലില്ലതന്നെ. ഇത്‌ ഒരപൂർവതയാണ്‌. അജയ്യതയാണ്‌.’ തനിക്ക്‌ ലഭിച്ച പുരസ്‌കാരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി ടീച്ചർ കരുതുന്ന വൈലോപ്പിള്ളി അവാർഡിനൊപ്പം സമ്മാനിച്ച പ്രശസ്‌തിപത്രത്തിലെ വാചകങ്ങളാണിത്‌. ഭാഷാ സാഹിത്യത്തിലെ വ്യത്യസ്‌ത ശാഖകളിലായി അറുപതിലേറെ ഗ്രന്ഥങ്ങളാണ്‌ നീണ്ടകാലത്തെ രചനാ സപര്യയിലൂടെ ടീച്ചർ ഭാഷയ്‌ക്കു സമ്മാനിച്ചത്‌. സാഹിത്യാസ്വാദനത്തിലെന്നപോലെ ഭാഷാവികാസത്തിനും പരിഷ്‌കരണത്തിനും ഗതിവേഗവും ദിശാദർശകവുമായി മാറിയ ഇടപെടലുകൾതന്നെയാണ്‌ നീണ്ടകാലത്തെ അധ്യാപനവൃത്തിയിലൂടെയും ടീച്ചർ നിർവഹിച്ചത്‌. ആ വഴിക്ക്‌ വ്യത്യസ്‌തമായൊരു ദ‍ൗത്യമായിരുന്നു കേരള പ്രസ്‌ അക്കാദമി(ഇന്നത്തെ കേരള മീഡിയ അക്കാദമി)യിലെ ഗസ്‌റ്റ്‌ അധ്യാപികയായപ്പോൾ ഏറ്റെടുത്തത്‌.


1983ൽ ബ്രണ്ണൻ കോളേജിൽനിന്ന്‌ വിരമിച്ചശേഷമാണ്‌ മാധ്യമപ്രവർത്തകർക്ക്‌ ഭാഷാശുദ്ധി പകരാനുള്ള ദ‍ൗത്യമേറ്റെടുത്ത്‌ കേരള പ്രസ്‌ അക്കാദമിയിലെത്തിയത്‌. 1949ൽ തൃശൂർ സെന്റ്‌ മേരീസ്‌ കോളേജിൽ തുടങ്ങി മൂന്നരപ്പതിറ്റാണ്ട്‌ നീണ്ട ഭാഷാധ്യാപനകാലത്ത്‌ ചെയ്‌തതിൽനിന്ന്‌ വ്യത്യസ്‌തമായ പുതിയ വേഷം എന്നാണ്‌ അതിന്‌ ടീച്ചറുടെ വിശേഷണം. കലാലയ ക്ലാസ്‌ മുറികളിൽ ഭാഷാശാസ്‌ത്രവും വ്യാകരണവും അലങ്കാരശാസ്‌ത്രവും അതിന്റെ ഉപവിഭാഗമായ വാഗർഥശാസ്‌ത്രവുമൊക്കെ കൈകാര്യംചെയ്‌തിരുന്ന ടീച്ചർ, തെറ്റുകൂടാതെ വാചകരചന പഠിപ്പിക്കുന്ന പുതിയ റോളിലും തിളങ്ങി. അതുവരെ ചെയ്‌തുവന്ന ഗവേഷണങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നു പിന്നീടുള്ളത്‌. മുന്നിൽ നാളത്തെ മാധ്യമപ്രവർത്തകരായതിനാൽ വർത്തമാന പത്രങ്ങളിലും ആനുകാലികങ്ങളിലും ദിനംപ്രതി വരുന്ന ഭാഷാപരമായ തെറ്റുകൾ കണ്ടെത്തൽ ജോലിയുടെ ഭാഗമായി. അക്ഷരത്തെറ്റ്‌, പദവൈകല്യം, വാക്യവൈകല്യം എന്നിങ്ങനെ തെറ്റുകൾ കണ്ടെത്താനുള്ള പരിശ്രമമാണ്‌ ‘നല്ലെഴുത്ത്‌’ എന്ന ഗ്രന്ഥത്തിന്റെ രചനയിൽ ചെന്നെത്തിയത്‌.


കുട്ടിക്കൃഷ്‌ണമാരാരുടെ മലയാള ശൈലി, പന്മന രാമചന്ദ്രന്റെ നല്ലഭാഷ, എം എൻ കാരശേരിയുടെ തെളി മലയാളം എന്നിവപോലെ മലയാളഭാഷ കൈകാര്യം ചെയ്യുന്നവർക്ക്‌ വഴികാട്ടിയായി നല്ലെഴുത്ത്‌ തുടരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home