print edition കണ്ണീർ നനച്ചെഴുതിയ കവിതകളിലെ അമ്മ

കൊച്ചി
കുഞ്ഞുങ്ങൾക്ക് നേരിടേണ്ടിവരുന്ന ദുരിതങ്ങൾ എക്കാലത്തും ഡോ. എം ലീലാവതിയുടെ ഹൃദയത്തെ വേദനിപ്പിച്ചിരുന്നു. ആദ്യകാലം മുതൽതന്നെ അത്തരം അന്തഃപീഡകൾ ലേഖനങ്ങൾക്ക് വിഷയമായി. 1999ൽ പ്രഭാത് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘കരിയുന്ന കുട്ടികളും കരയുന്ന മുതിർന്നവരും’ എന്ന പുസ്‌തകത്തിൽ ആ ലേഖനങ്ങളാണ് സമാഹരിച്ചത്. അതിന്റെ റോയൽറ്റി തുക കുട്ടികളെ സംരക്ഷിക്കുന്ന കൊച്ചിയിലെ ഒരു സ്ഥാപനത്തിന് കൈമാറുകയും ചെയ്‌തു. ‘ഗാസയിൽ ഭക്ഷണത്തിനായി പാത്രം നീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽനിന്നിറങ്ങുക’ എന്ന് തൊണ്ണൂറ്റിയെട്ടാം പിറന്നാൾദിനത്തിൽ പരിതപിച്ച ലീലാവതിക്കുനേരെ കടുത്ത സൈബർ ആക്രമണമാണ് ഒരുവിഭാഗത്തിൽനിന്നുണ്ടായത്. ഗാസയിൽ മാത്രമല്ല, മറ്റു സ്ഥലങ്ങളിലും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്നം കണ്ടില്ലല്ലോ എന്നായിരുന്നു തീവ്രവർഗീയ സൈബർ ഹാൻഡിലുകളിൽനിന്നുള്ള ആക്ഷേപം.
ബാലവേലയിലൂടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന കൊടും അപരാധത്തെ അപലപിച്ച് നിരവധി ലേഖനങ്ങൾ ലീലാവതി എഴുതിയിട്ടുണ്ട്. അത് പിന്നീട് ‘ബാലവേല’ എന്നപേരിൽ നീണ്ട കവിതയ്‌ക്കും വിഷയമാക്കി. ലോകത്തെവിടെയും കുട്ടികൾ അനുഭവിക്കുന്ന ഒടുങ്ങാത്ത വ്യഥയും താങ്ങാനാകാത്ത ഭാരവും അതിലെ ഓരോ വരിയിലും കനം തൂങ്ങി. ബാലവേല ഉൾപ്പെടെയുള്ള കവിതകൾ സമാഹരിച്ചതാണ് ‘നിറഞ്ഞ കണ്ണ്’ എന്ന പുസ്‌തകം. കവിതാനിരൂപണവും ഭാഷാപഠനവും നടത്തുന്നയാളിൽനിന്ന് അത്തരമൊരു പുസ്‌തകമുണ്ടായത് എസ് ഗുപ്‌തൻനായരെ അതിശയിപ്പിച്ചു. ഇത്തരം സിദ്ധികളൊക്കെ ഇത്രനാൾ എവിടെയാണ് ഒളിപ്പിച്ചിരുന്നത് എന്ന് അദ്ദേഹം ലീലാവതിയോട് എഴുതിച്ചോദിച്ചു.
ഗാസയിലെ കണ്ണീർക്കുടങ്ങളെ ഓർത്തുണ്ടായ അതേ വ്യഥയോടെതന്നെയാകണം ലീലാവതി മറുപടിയായി ഇങ്ങനെ കുറിച്ചത്: ‘ഉള്ളു നിറഞ്ഞ ശോകത്തിൽനിന്ന് ഉറന്നൊഴുകിയവയാണെല്ലാം. കണ്ണുനീർ തൂകിക്കൊണ്ടുതന്നെ രചിച്ചവ’.
ഗാസ പരാമർശത്തിന്റെ പേരിൽ സൈബർ ആക്രമണം കടുത്തപ്പോൾ ടീച്ചർ പറഞ്ഞു, ‘ലോകത്ത് എവിടെയായാലും കുഞ്ഞുങ്ങൾ വിശന്നിരിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. ഏത് നാടാണെന്നോ മതമാണെന്നോ അവരുടെ അച്ഛനമ്മമാരുടെ മതമേതെന്നോ ആലോചിച്ചിട്ടില്ല. കുട്ടികൾക്ക് ഉണ്ണാൻ കൊടുക്കാതെ യജ്ഞം ചെയ്തിട്ട് നിങ്ങൾ സ്വർഗത്തിൽ പോകുമോ എന്നാണ് ശ്രീകൃഷ്ണൻ ചോദിച്ചത്. ആ കാരുണ്യംതന്നെയാണ് ലോകത്ത് ഏത് അമ്മയ്‌ക്കുമുള്ളത്'.










0 comments