ad
Deshabhimani

ധൈഷണികതയുടെ 
കെടാവെളിച്ചം ; ആദരമർപ്പിച്ച് സാംസ്കാരിക കേരളം

Dr. M Leelavathi Deshabhimani Award
വെബ് ഡെസ്ക്

Published on Oct 29, 2025, 02:30 AM | 1 min read


കൊച്ചി

ഡോ. എം ലീലാവതിക്ക്‌ സാംസ്‌കാരിക കേരളത്തിന്റെ ആദരവും ഗുരുദക്ഷിണയുമായി ദേശാഭിമാനി സാഹിത്യപുരസ്‌കാര സമർപ്പണം. ധൈഷണികതയുടെ കെടാവെളിച്ചം തൂകുന്ന രചനകളിലൂടെയും ഉറച്ച മതനിരപേക്ഷ നിലപാടുകളിലൂടെയും മലയാളനാടിന്റെ സുകൃതമായ ലീലാവതിയോടുള്ള ആദരവും സ്‌നേഹവും തുറന്നുപ്രകടിപ്പിക്കുന്നതായി പുരസ്‌കാരദാനച്ചടങ്ങിലെ ഒരോനിമിഷവും.


പ്ര‍ൗഢമായിരുന്നു കുസാറ്റ്‌ സെമിനാർ ഹാളിലെ വേദിയും സദസ്സും. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സാഹിത്യോത്സവത്തിലും പുരസ്‌കാര സമർപ്പണച്ചടങ്ങിലും പങ്കെടുക്കാനെത്തി. ലീലാവതിയുടെ രചനകളെയും വാക്കുകളെയും ഹൃദയത്തിലേറ്റിയവർ, ശിഷ്യർ, വിദ്യാർഥികൾ, തൊഴിലാളികൾ, അധ്യാപകർ, ഗ്രന്ഥശാല പ്രവർത്തകർ എന്നിവരെല്ലാം അക്കൂട്ടത്തിലുണ്ടായി.


Deshabhimani Award
ദേശാഭിമാനി സാഹിത്യ പുരസ്‌കാര സമർപ്പണ ചടങ്ങിൽ 
ഓഡിറ്റോറിയത്തിൽ ഇരിപ്പിടം തികയാതെ വന്നതോടെ പുറത്ത് 
കസേരകളിലിരുന്ന് ബിഗ് സ്‌ക്രീനിൽ ചടങ്ങ് വീക്ഷിക്കുന്നവർ


സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, കുസാറ്റ്‌ വൈസ്‌ ചാൻസലർ ഡോ. എം ജുനൈദ്‌ ബുഷിരി, ഹൈക്കോടതി റിട്ട. ജഡ്‌ജി ജസ്‌റ്റിസ്‌ വി കെ മോഹനൻ, ഡോ. കെ ജി പ‍ൗലോസ്‌, ഡോ. ധർമരാജ്‌ അടാട്ട്‌, എൻ ഇ സുധീർ, ലീലാവതിയുടെ മകൻ വിനയ്‌കുമാർ, മരുമകൾ ബാലാമണി, എൻ കെ വാസുദേവൻ, ശബ്ദകലാകാരി തെന്നൽ, നാടകകലാകാരൻ കെ എം ധർമൻ, കാഥികൻ ഇടക്കൊച്ചി സലിംകുമാർ, നടൻ വിജയകുമാർ പ്രഭാകരൻ, പ്രൊഫ. എം കെ സാനുവിന്റെ മക്കളായ രേഖ, ഗീത, ഹാരിസ്‌ തുടങ്ങിയവരും പുരസ്‌കാരദാനച്ചടങ്ങിന്‌ സാക്ഷികളായി.


award
സാഹിത്യോത്സവത്തിന്റെ വേദി രണ്ടിലെ സദസ്സ്


ഗാസയിലെ കുഞ്ഞുങ്ങൾക്കായി ശബ്ദിച്ചതിനും തുടർന്നുള്ള വർഗീയശക്തികളുടെ വേട്ടയാടൽ ശിരസ്സുയർത്തി നേരിട്ടതിനും ടീച്ചറോടുള്ള ഐക്യദാർഢ്യംകൂടിയായി വൻ ജനപങ്കാളിത്തം. ലീലാവതിയെ നേരിൽക്കണ്ട്‌ പലരും ആശംസ നേർന്നു.


മാതൃസ്‌നേഹത്തോടെ കൂടുതൽ എളിമയോടെ അഭിനന്ദനങ്ങൾക്കുമുന്നിൽ തലകുനിച്ചു. ആത്മകഥ കൈയൊപ്പിട്ടുവാങ്ങാനും ഒപ്പം ചിത്രമെടുക്കാനും കാത്തുനിന്നവരെയും ടീച്ചർ നിരാശരാക്കിയില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home