സിൻഡിക്കറ്റ് നിലപാട് ശരിയെന്ന് തെളിഞ്ഞു: ജി മുരളീധരൻ
സിസയുടെ ഗൂഢാലോചന നടപ്പാകില്ല ; അനില്‍കുമാര്‍തന്നെ രജിസ്ട്രാര്‍

തിരുവനന്തപുരം
കേരള സർവകലാശാലയിൽ മനഃപൂർവം പ്രശ്നം സൃഷ്ടിക്കാനുള്ള സംഘപരിവാർ, കോൺഗ്രസ് ഗൂഢാലോചനയ്ക്ക് അനുസരിച്ച് പ്രവർത്തനം തുടർന്ന് താൽക്കാലിക വൈസ് ചാൻസലർ. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ ചട്ടവിരുദ്ധ സസ്പെൻഷൻ സിൻഡിക്കറ്റ് റദ്ദാക്കിയതിന്റെ വൈരാഗ്യത്തിൽ പുതിയ രജിസ്ട്രാറെ നിയമിക്കാൻ ഡോ. സിസ തോമസ് തീരുമാനിച്ചെങ്കിലും ഉത്തരവിറക്കാൻ കഴിഞ്ഞില്ല.
തിങ്കളാഴ്ച ഡോ. കെ എസ് അനിൽകുമാർ സർവകലാശാലയിൽ എത്തി ജോലി ആരംഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ഡിജോ കാപ്പന്റെ ഭാര്യയും പ്ലാനിങ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടറുമായ മിനി ഡിജോ കാപ്പനെ നിയമിക്കാൻ തീരുമാനിച്ചത്. ഭരണവിഭാഗം ജോയിന്റ് രജിസ്ട്രാറുടെ ചുമതലയിലുണ്ടായിരുന്ന പി ഹരികുമാറിനുപകരം അക്കാദമിക് വിഭാഗത്തിലെ ഹേമ ആനന്ദനെയും നിയോഗിക്കാനും ശ്രമിച്ചു. എന്നാൽ, സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായ നീക്കങ്ങളടങ്ങിയ ഉത്തരവിറക്കാൻ സിസയ്ക്ക് കഴിഞ്ഞില്ല. തന്നെ സസ്പെൻഡുചെയ്ത വിസിയുടെ നടപടി സിൻഡിക്കറ്റ് റദ്ദാക്കിയതോടെ, ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജി രജിസ്ട്രാർ പിൻവലിച്ചിരുന്നു.
രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് സിസ തോമസ് റിപ്പോർട്ട് നൽകിയതാണ് അറിയാൻ കഴിഞ്ഞത്. സിൻഡിക്കറ്റ് തീരുമാനത്തിന് സാധുതയില്ലെന്നാണ് സിസ അവകാശപ്പെടുന്നത്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത താൽക്കാലിക വിസി ഡോ. മോഹൻ കുന്നുമ്മൽ അവധിയെടുത്തതോടെയാണ് സിസ തോമസിന് ഗവർണർ പകരം ചുമതല നൽകിയത്. നാടകീയ രംഗങ്ങളുണ്ടാക്കി സർവകലാശാലയിൽ കലാപാന്തരീക്ഷമാണെന്ന് വരുത്തിതീർക്കാനുള്ള ദൗത്യമേറ്റെടുത്താണ് അഞ്ച് ദിവസത്തേക്ക് സിസ എത്തിയത്.
സിൻഡിക്കറ്റ് നിലപാട് ശരിയെന്ന് തെളിഞ്ഞു: ജി മുരളീധരൻ
കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത താൽക്കാലിക വിസിയുടെ നടപടി ഹൈക്കോടതി വിധിയോടെ റദ്ദായ സാഹചര്യത്തിൽ സിൻഡിക്കറ്റ് തീരുമാനം ശരിയെന്ന് തെളിഞ്ഞതായി സിൻഡിക്കറ്റ് അംഗം ജി മുരളീധരൻ. നിയമവിരുദ്ധ സസ്‌പെൻഷൻ നിലനിൽക്കില്ലെന്ന് സിൻഡിക്കറ്റ് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രജിസ്ട്രാറായി കെ എസ് അനിൽകുമാറിന് തുടരാമെന്ന ഹൈക്കോടതി വിധി കേരള സർവകലാശാലയുടെ ചട്ടത്തിനും നിയമത്തിനും കിട്ടിയ അംഗീകാരമാണ്. സർവകലാശാലയിൽ അന്തിമ തീരുമാനത്തിനുള്ള അവകാശം സിൻഡിക്കറ്റിനാണ്. രജിസ്ട്രാർ ഇൻ ചാർജായിരുന്ന പി ഹരികുമാറിനെതിരായ നടപടിയും നിയമവിരുദ്ധമാണ്.
ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സർവകലാശാല ബോധിപ്പിക്കേണ്ട അഭിപ്രായം എന്തെന്ന് ആലോചിക്കാനായിരുന്നു സിൻഡിക്കറ്റ് യോഗം. രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദ് ചെയ്യാനും സമഗ്ര അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. ഇത് കോടതിയെ അറിയിക്കാൻ സ്റ്റാൻഡിങ് കൗൺസലിനെ ചുമതലപ്പെടുത്തി. തീരുമാനം അംഗീകരിക്കില്ലെന്നുപറഞ്ഞ് താൽക്കാലിക വിസി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ബോധപൂർവം തകർക്കുകയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്നും ജി മുരളീധരൻ പറഞ്ഞു.








0 comments