കേരള ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2016 മുതൽ 2025 വരെ കേരളത്തിൽ സ്ത്രീധനത്തിന്റെപേരിൽ പൊലിഞ്ഞത് 103 ജീവൻ
കൊല്ലുന്ന 'പൊന്നു'കല്ല്യാണം

ഗയ പുത്തലത്ത്
Published on Aug 06, 2025, 01:23 AM | 1 min read
ഉത്ര, വിസ്മയ, തുഷാര, വിപഞ്ചിക, അതുല്യ... നീളുന്ന പട്ടികയിൽ ഏറ്റവുമൊടുവിൽ ഫസീല. വിവാഹം ‘വ്യാപാര കരാർ’ മാത്രമായപ്പോൾ, മോഹങ്ങളും സ്വപ്‌നങ്ങളും മരണത്തിന് ബലികൊടുക്കേണ്ടിവന്നവർ. പതിറ്റാണ്ടുകളായി നീളുന്ന സ്‌ത്രീധനമെന്ന ദുരാചാരത്തിന്റെ രാവണൻകോട്ടയിലേക്ക് ഇനിയില്ലെന്ന് ഇനിയെന്നാണ് നമ്മൾ പറയുക? മകളുടെ ഭാവിക്കായി ജീവിതകാലമത്രയും സ്വരുകൂട്ടിയ സമ്പാദ്യം മുഴുവൻ നൽകുന്നവർ അറിയുന്നുണ്ടോ സ്‌ത്രീധനക്കുരുക്കിൽ മുറുകുന്ന അവളുടെ ജീവിതം?
അടുത്തിടെ സമൂഹമാധ്യമത്തിൽ പ്രചരിച്ച ഒരു വീഡിയോയുണ്ട്. ഒരു യുവതി തന്റെ വിവാഹഫോട്ടോ കത്തിച്ചുകൊണ്ട്, വിവാഹമോചിതയായ വിവരം സന്തോഷപൂർവം പങ്കുവയ്‌ക്കുന്നു. സ്വാഗതം ചെയ്‌തും അഭിനന്ദിച്ചും ആ വീഡിയോക്ക് താഴെ കമന്റുകളുടെ പ്രവാഹമാണ്. സമൂഹമാധ്യമത്തിലെ സ്വീകാര്യത വിസ്മയയ്ക്കും വിപഞ്ചികയ്‌ക്കും അതുല്യയ്‌ക്കുമൊക്കെ യഥാർഥ ജീവിതത്തിൽ കിട്ടിയിരുന്നെങ്കിൽ ഇന്ന് ഈ ലോകത്ത് അവരും ഉണ്ടാകുമായിരുന്നു.
‘പറ്റുന്നില്ലെടീ... ആത്മഹത്യചെയ്യാനുള്ള ധൈര്യംപോലും എനിക്കില്ല’ ജൂലായ് 12ന് ഷാർജയിലെ അപാർട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ അതുല്യ, അതിന് ഏതാനും ദിവസങ്ങൾക്കുമുമ്പ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച വാട്‌സ്‌ആപ്പ് സന്ദേശം ഇങ്ങനെ. ഇതിനും ഏതാനും ആഴ്‌ചകൾക്കുമുമ്പാണ് ഒന്നര വയസ്സുള്ള മകൾ വൈഭവിയുമൊത്ത് കൊല്ലം സ്വദേശിനി വിപഞ്ചിക ഷാർജയിലെ അപാർട്‌മെന്റിൽ മരിച്ചത്. ജൂലായ് 19ന് അർധരാത്രിയാണ് കണ്ണൂർ വയലപ്ര സ്വദേശി റീമ മൂന്നുവയസ്സുള്ള മകൻ കൃശിവ് രാജിനെയുംകൊണ്ട് കണ്ണൂർ പഴയങ്ങാടിയിലെ പുഴയിൽ ചാടിയത്.
‘അമ്മയുടെ വാക്കുകേട്ട് ഭർത്താവ് വീട്ടിൽനിന്ന് ഇറക്കിവിട്ടു’ എന്നാണ് റീമയുടെ ആത്മഹത്യാക്കുറിപ്പ്. ഇരിങ്ങാലക്കുടയിൽ ജൂലൈ 29ന് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഫസീല ഗർഭിണിയായിരുന്നു. ഭർത്താവ് വയറ്റിൽ ചവിട്ടിയതുൾപ്പെടെയുള്ള പീഡനങ്ങളാണ് ഏറ്റവുമൊടുവിലെ വാട്‌സാപ്പ് സന്ദേശത്തിൽ ഫസീല ഉമ്മയുമായി പങ്കുവച്ചത്.
സ്വത്ത് തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നത്. സ്ത്രീധനമായി നൽകിയ കാറിന്റെ വേരിയന്റിൽ തൃപ്തനല്ലെന്നും വാഗ്ദാനംചെയ്ത സ്വർണം പോരെന്നുംപറഞ്ഞാണ് നിലമേൽ സ്വദേശിനി വിസ്മയയെ ഭർത്താവ് കിരൺകുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത്. ബിഎഎംഎസ് വിദ്യാർഥിനിയായ വിസ്മയ ഒടുവിൽ മനംനൊന്ത് ജീവനൊടുക്കി.
രണ്ടുലക്ഷംരൂപ സ്ത്രീധനം നൽകാമെന്നുപറഞ്ഞത് വൈകിയെന്നുപറഞ്ഞാണ് കൊല്ലത്ത് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്.









0 comments