ട്രാക്കിൽ ട്രെയിൻ വരുമ്പോൾ ശബ്ദ സന്ദേശത്തിനൊപ്പം വൈബ്രേഷനും ഫോണിൽ ലൈറ്റും തെളിയും
റെയിൽവേ ട്രാക്ക് ജീവനക്കാരുടെ സുരക്ഷയ്ക്ക് ദോസ്ത് ; ആദ്യ ഘട്ട പരീക്ഷണം തൃശൂരിൽ നടന്നു

കെ എ നിധിൻ നാഥ്
Published on Mar 22, 2025, 02:00 AM | 1 min read
തൃശൂർ : റെയിൽവേ ട്രാക്ക് ജീവനക്കാരുടെ സുരക്ഷയ്‌ക്കായി മൊബൈൽ ആപ്പ് അവതരിപ്പിച്ച് റെയിൽവേ. ട്രാക്കിൽ ജോലി ചെയ്യുന്ന കീമാനും മറ്റു തൊഴിലാളികൾക്കും ട്രെയിൻ വരുന്നുണ്ടെങ്കിൽ അലെർട്ട് നൽകുന്ന രീതിയിലാണ് ഡെലിവറിങ് ഒക്യൂപേഷനൽ സേഫ്‌റ്റി ഓൺ ട്രാക്ക് (ദോസ്‌ത്) തയ്യാറാക്കിയിട്ടുള്ളത്. ആപ്പിന്റെ പരീക്ഷണം തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള തൃശൂരിലെ വള്ളത്തോൾ നഗർ മുതൽ മുളങ്കുന്നത്തുകാവ് സ്റ്റേഷൻ വരെ നടത്തി. വർഷങ്ങളായി ഡിആർഇയു നേതൃത്വത്തിൽ തൊഴിലാളികളുടെ സുരക്ഷയ്‌ക്കായി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലം കൂടിയാണ് ആപ്പ്.
ട്രാക്കിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആ ട്രാക്കിലൂടെ ഓടുന്ന വണ്ടിയുടെ വിശദാംശങ്ങൾ അറിയാനാകും. മൊബൈലിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് ജോലി ചെയ്യുന്ന സെക്ഷൻ തെരഞ്ഞെടുത്താൽ ആ ലൈനിൽ വരുന്ന ട്രെയിൻ സംബന്ധിച്ച അലെർട്ട് ലഭിക്കും.
ട്രാക്കിൽ ട്രെയിൻ വരുമ്പോൾ ‘ബ്ലോക്ക് സെക്ഷൻ ഒക്കിപൈഡ്’ എന്ന ശബ്ദ സന്ദേശമാണ് ലഭിക്കുക. അലാറത്തിനൊപ്പം വൈബ്രേഷനും ഫോണിൽ ലൈറ്റും തെളിയും. ഓരോ റെയിൽവേ ബ്ലോക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം. ബ്ലോക്കിൽ ട്രെയിൻ വന്നാൽ ലഭിക്കുന്ന അലെർട്ട് ജീവനക്കാരൻ ശ്രദ്ധിക്കുന്നത് വരെ ചുവപ്പ് നിറത്തിലാണ് തെളിയുക. ഫോണിന്റെ ശബ്ദം 75ശതമാനത്തിൽ കുറയാതെ നിലനിർത്തുകയും ചെയ്യും.
ഫോണിൽ നെറ്റും റേഞ്ചുമില്ലെങ്കിൽ ശ്രദ്ധിച്ച് നടക്കണമെന്ന നിർദേശം ആപ്പ് നൽകും. ഫോൺ ഉപയോഗിക്കുകയാണെങ്കിലും ട്രെയിൻ വരുമ്പോൾ അലെർട്ട് ലഭിക്കും. സ്റ്റേഷനുകളിലെ സിഗ്നൽ കൺട്രോളുമായി ബന്ധപ്പെടുത്തിയാണ് ആപ്പിന്റെ പ്രവർത്തനം. അതേസമയം ജോലി ചെയ്യുന്ന ട്രാക്കിന്റെ വിവരം മാത്രമാണ് ലഭിക്കുന്നത്. ഇത് ഇരുട്രാക്കിലും ലഭ്യമാക്കിയാൽ മാത്രമേ സുരക്ഷ പൂർണമാവൂ.
ആപ്പിലെ പോരായ്മകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിആർഇയു അസി. ഡിവിഷണൽ എൻജിനിയർക്ക് നിവേദനം നൽകിയിട്ടുണ്ട്. രണ്ട് ലൈനിലും ട്രെയിൻ വരുന്നത് അറിയാനുള്ള സൗകര്യം, സെറ്റ് ഹാങ്ങാവുന്ന വിഷയം, കീമാൻ മേറ്റ് ഗ്രൂപ്പ് വർക്ക് ചാർജുകാർക്ക് കൂടി ആപ്പ് നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഡിആർഇയു ഉന്നയിച്ചിട്ടുള്ളതെന്ന് തൃശൂർ ജില്ലാ സെക്രട്ടറി നിക്‌സൺ ഗുരുവായൂർ പറഞ്ഞു.









0 comments