ad
Deshabhimani

print edition ക്ലിക്കരുത്‌; മരണക്കുരുക്ക്

loan trap.jpg
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Apr 21, 2026, 12:00 AM | 2 min read

സ്മാർട്ട്ഫോൺ വിരൽത്തുമ്പിൽ ലോകത്തെ എത്തിക്കുമ്പോൾ, മറുവശത്ത് അദൃശ്യമായ ചതിക്കുഴികളും ഒരുങ്ങുകയാണ്. ഈടില്ലാതെ പണമെത്തിക്കുന്ന ലോൺആപ്പുകളും, ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളും സാധാരണക്കാരുടെ സമാധാനം കെടുത്തുന്നു. വെറുമൊരു ക്ലിക്കിൽ അകപ്പെടുന്ന ചതിക്കുഴികൾ വലിയ സാമ്പത്തിക നഷ്ടത്തിലേക്കും മാനസികത്തകർച്ചയിലേക്കും നയിക്കുന്നു. ഈ ഭീഷണികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്‌. സൈബർതട്ടിപ്പുകാരുടെ പ്രവർത്തനരീതികൾ, അവർ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ, നിയമപരമായ പരിരക്ഷകൾ എന്നിവ ചർച്ചചെയ്യുന്ന വാർത്താപരമ്പര.


‘കടമക്കുടി സ്വദേശികളായ ദമ്പതികൾ മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്‌തു.’ 2023 സെപ്‌തംബറിൽ കടമക്കുടിയിൽ നടന്ന ഇ‍ൗ ഞെട്ടിക്കുന്ന സംഭവം മലയാളികളുടെ മനസ്സിൽനിന്ന്‌ ഇപ്പോഴും മാഞ്ഞിട്ടില്ല. വലിയ കടമക്കുടി മാടശേരി വീട്ടിൽ നിജോ, ഭാര്യ ശിൽപ്പ, മക്കളായ എയ്ബൽ (ഏഴ്‌), ആരോൺ (അഞ്ച്‌) എന്നിവരെയാണ്‌ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. ശിൽപ്പയുടെ പേരിലെടുത്ത ഓൺലൈൻ വായ്‌പാ തിരിച്ചടവ്‌ മുടങ്ങിയതായിരുന്നു പ്രശ്‌നങ്ങൾക്ക്‌ തുടക്കം. ആദ്യം ഹിന്ദിയിൽ ഭീഷണിസന്ദേശം. ശിൽപ്പയുടെ മോർഫ്‌ ചെയ്‌ത ചിത്രങ്ങൾ പരിചയക്കാരുടെ ഫോണിലേക്കയച്ച്‌ വീണ്ടും ഭീഷണി. സഹിക്കവയ്യാതെ കുടുംബം ജീവനൊടുക്കി. കൂട്ടമരണത്തിനുശേഷവും പലരുടെയും ഫോണിലേക്ക്‌ വ്യാജചിത്രങ്ങളെത്തി.


​ഇ‍ൗടായി അഭിമാനവും സ്വകാര്യതയും


​‘ഒരുലക്ഷം രൂപയുടെ ലോൺ റെഡി. ഒരു ഇ‍ൗടും വേണ്ട, പണം ഉടൻ കൈയിൽ. പേപ്പർ വർക്ക്‌ ഇല്ല. ആധാർ കാർഡ്‌ മാത്രം മതി’. ഇത്തരം മോഹനവാഗ്‌ദാനങ്ങളുമായാണ്‌ ലോൺ ആപ് പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുക. ഇതിലകപ്പെട്ടാൽ നിങ്ങൾ ഇ‍ൗട്‌ വയ്‌ക്കേണ്ടിവരുന്നത്‌ നിങ്ങളുടെ അഭിമാനവും സ്വകാര്യതയുമാണ്‌. ആപ്പ്‌ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ നന്പറുകളുടെയും ഗ്യാലറിയിലുള്ള ഫോട്ടോയുടെയും സമ‍ൂഹമാധ്യമ അക്ക‍ൗണ്ടിന്റെയും നിയന്ത്രണം ആപ്പുകാരിലെത്തും. ഇവയിലേക്കെല്ലാം കടന്നുചെല്ലാനനുവദിച്ചുള്ള ക്ലിക്ക്‌ മരണക്കെണിയിലേക്കുള്ള പ്രവേശനമാണ്‌.


പണം അടയ്‌ക്കുന്നത്‌ മുടങ്ങിയാൽ ആദ്യം ഭീഷണിസന്ദേശം. വായ്‌പയെടുത്തയാളുടെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്‌ത ചിത്രങ്ങൾ കാണിച്ച്‌ ഭീഷണിപ്പെടുത്തും. പണം അടച്ചില്ലെങ്കിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ചിത്രങ്ങൾ അയച്ചുകൊടുക്കും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ടയാൾ, പീഡനവീരൻ തുടങ്ങിയ സന്ദേശത്തോടെ വായ്‌പയെടുത്തയാളുടെ ചിത്രം വാട്‌സാപ്പിൽ പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കും. സമൂഹമാധ്യമ അക്കൗണ്ടുകളും ദുരുപയോഗം ചെയ്യാം.


വട്ടിപ്പലിശക്കാർ തോൽക്കും


​ആധാറോ പാൻ കാർഡോ മാത്രം നൽകിയാൽ വേഗം പണം ലഭിക്കുമെന്നതാണ് മുഖ്യ ആകർഷണം. പലിശ 30മുതൽ 50 ശതമാനംവരെ. തിരിച്ചടവ്‌ വെെകിയാൽ പലിശ കൂട്ടും. പതിനായിരം രൂപ എടുത്താൽ ലഭിക്കുക അയ്യായിരമോ ആറായിരമോ മാത്രം. ബാക്കി ചോദിച്ചാൽ അക്ക‍ൗണ്ടിന്റെ പ്രശ്‌നമാണെന്നായിരിക്കും മറുപടി.

വായ്‌പ അനുവദിക്കുന്ന സമയത്ത്‌ വൻതുക സർവീസ് ചാർജുണ്ടാകും. തിരിച്ചടയ്‌ക്കുന്പോൾ 10,000 രൂപയും പലിശയും നൽകേണ്ടിവരും. 12 തവണകളായി തിരിച്ചടയ്‌ക്കാവുന്ന ചെറുകിട, ഹ്രസ്വകാല വായ്‌പകളാണ് മിക്കവാറും അനുവദിക്കുക. 100 ശതമാനത്തിലധികം വാർഷികപലിശ ഈടാക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home