പ്രമേയവുമായി സമസ്‌ത കോട്ടക്കൽ വിളംബര സമ്മേളനം
‘പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റു’കളുമായി രാഷ്‌ട്രീയ സഖ്യം വേണ്ട

കോട്ടക്കൽ : ‘പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റു’കൾക്ക് താവളമൊരുക്കുന്ന അവസരവാദ നിലപാടുകളിൽനിന്ന് രാഷ്ട്രീയസംഘടനകൾ പിന്മാറണമെന്ന് സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം). മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോർത്തിക്കളയുന്നതും മതാത്മക വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്നും കോട്ടക്കലിൽ നടന്ന കേന്ദ്ര മുശാവറ യോഗത്തിലുംശേഷം ജനറൽ ബോഡിയിലും അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി. ബഹ്റുൽ ഉലൂം നഗരിയിലെ സമസ്‌തയുടെ 100–ാം വാര്‍ഷിക സമ്മേളന വിളംബര സമ്മേളനത്തിൽ പ്രമേയം വായിച്ചു.
പ്രമേയത്തിന്റെ പൂർണരൂപം: ‘ഇസ്ലാമിന്റെ ആത്മീയ ചൈതന്യത്തെയും പാരമ്പര്യ വൈജ്ഞാനിക അടിത്തറയെയും തമസ്‌കരിച്ച്, മതത്തെ കേവലം ഭൗതികമായ ഒരു അധികാര രാഷ്ട്രീയ പ്രത്യയശാസ്ത്രമായി പുനർനിർവചിക്കുന്ന മതവ്യാഖ്യാനങ്ങൾ മുസ്ലിം ഉമ്മത്തിന് അന്യവും അപകടകരവുമാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ പശ്ചാത്തലത്തിനും ബഹുസ്വരതയ്ക്കും നിരക്കാത്ത ‘പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ്' ആശയങ്ങൾ, വിശ്വാസികളെ പൊതുസമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്താനും സങ്കുചിതമായ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കാനുമാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോർത്തിക്കളയുന്നതും മതാത്മകവർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.
മതേതരചേരിയിലെ പ്രസ്ഥാനങ്ങൾ കേവലമായ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും അധികാര ലാഭങ്ങൾക്കുംവേണ്ടി വിനാശകരമായ ആശയപശ്ചാത്തലമുള്ള ഇത്തരം സംഘടനകളുമായി അവിശുദ്ധ സഖ്യങ്ങളിൽ ഏർപ്പെടുന്നതും അവർക്ക് രാഷ്ട്രീയ ഇടങ്ങളിൽ മാന്യത നൽകുന്നതും രാജ്യത്തിന്റെ ബഹുസ്വരതയെ പ്രതിസന്ധിയിലാക്കും. അതിനാൽ, ആദർശവൈകല്യമുള്ള ‘പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റു’കൾക്ക് താവളമൊരുക്കുന്ന അവസരവാദപരമായ നിലപാടുകളിൽനിന്ന് എല്ലാ രാഷ്ട്രീയ സംഘങ്ങളും പിന്മാറണം. മതേതരത്വത്തിന്റെ സുരക്ഷാകവചം തകർക്കുന്ന ഇത്തരം രാഷ്ട്രീയ അപചയങ്ങളെയും സഖ്യങ്ങളെയും വിശ്വാസികൾ പൂർണമായും തിരസ്‌കരിക്കുകയും ജനാധിപത്യപരമായ ജാഗ്രത ഉയർത്തിപ്പിടിക്കുകയും വേണം.’










0 comments