Deshabhimani

print edition തട്ടിപ്പ് നടന്നാൽ സർക്കാർ തെളിയിക്കണം; രേഖകളില്ലെന്നുകാട്ടി പട്ടികവിഭാഗ ആനുകൂല്യം
നിഷേധിക്കരുത്: ഹൈക്കോടതി

kerala highcourt new 1
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

കൊച്ചി: വ്യക്തമായ തെളിവുകളില്ലാതെ കേവലം രേഖകളുടെ അഭാവംകൊണ്ടുമാത്രം പട്ടികജാതി–വർഗ വിഭാഗത്തിൽപ്പെട്ടവരുടെ ഭരണഘടനാപരമായ ആനുകൂല്യങ്ങൾ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ജാതി സർട്ടിഫിക്കറ്റിലും മറ്റും തട്ടിപ്പ് നടന്നതായി സർക്കാരിന്റെ പക്കൽ തെളിവുകൾ ഇല്ലാത്തിടത്തോളം ആനുകൂല്യങ്ങൾ റദ്ദാക്കരുതെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ കെ പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. പട്ടികവർഗ ആനുകൂല്യങ്ങൾക്കായി വ്യാജ ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് തൃശൂർ സ്വദേശി വി ബാലനെ സർവീസിൽനിന്ന് നീക്കിയ നടപടി റദ്ദാക്കിയ ഉത്തരവിലാണ് കോടതിനിരീക്ഷണം.


‘മലപ്പണ്ടാരം’ സമുദായത്തിൽപ്പെട്ടയാളായ ബാലൻ, 1980ൽ പോസ്റ്റ്മാനായി ജോലിയിൽ പ്രവേശിച്ചതാണ്‌. സ്ഥാനക്കയറ്റമടക്കം ലഭിച്ചശേഷം 1999ൽ ആണ്‌ ജാതിപദവി സംബന്ധിച്ച് അന്വേഷണം നടത്താൻ തപാൽ വകുപ്പ്‌ നടപടിയെടുത്തത്‌. ഒബിസി വിഭാഗത്തിൽപ്പെട്ട ‘പണ്ടാരം’ (വീരശൈവ) സമുദായക്കാരനാണെന്നായിരുന്നു കിർത്താഡ്‌സ് റിപ്പോർട്ട്‌. തുടർന്ന്‌, സർവീസിൽനിന്ന് നീക്കാനും ആനുകൂല്യങ്ങൾ തിരിച്ചെടുക്കാനും ഉത്തരവിറക്കി. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ്‌ സിംഗിൾബെഞ്ച് ശരിവച്ചു. ഇതിനിടെ, 2015ൽ ബാലൻ വിരമിച്ചു. 2016ൽ ആണ്‌ ഡിവിഷൻബെഞ്ചിനെ സമീപിച്ചത്‌.


ഹർജിക്കാരൻ നൽകിയ വിശദമായ വാദങ്ങൾ പരിശോധിക്കാതെയാണ് സ്ക്രൂട്ടിനി കമ്മിറ്റിയും സർക്കാരും തീരുമാനമെടുത്തതെന്നും സ്വാഭാവികനീതിയുടെ ലംഘനമുണ്ടായെന്നും ഡിവിഷൻബെഞ്ച് നിരീക്ഷിച്ചു. പട്ടികവിഭാഗക്കാർക്ക് തിരിച്ചറിയൽരേഖകൾ ഹാജരാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കോടതി കണക്കിലെടുത്തു. സാധാരണ പൗരന്മാരെപ്പോലെ തെളിവുകൾ ഹാജരാക്കാൻ ഇവരെ നിർബന്ധിക്കരുതെന്നും ഉദാരമായ സമീപനം സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ആറുമാസത്തിനകം പുതിയ തീരുമാനമെടുക്കാൻ സ്ക്രൂട്ടിനി കമ്മിറ്റിക്ക് നിർദേശം നൽകി. അതുവരെ ബാലന്റെ പ്രൊവിഷണൽ പെൻഷൻ തുടരാമെന്നും ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home