മുഖ്യമന്ത്രിക്കസേരയ്‌ക്ക്‌ അടി : ഒഴിയില്ലെന്ന്‌ സിദ്ധരാമയ്യ; 
കരുക്കൾ നീക്കി ശിവകുമാർ

SIDARAMAYYAH
avatar
സ്വന്തം ലേഖകൻ

Published on Jul 11, 2025, 01:35 AM | 1 min read

ന്യൂഡൽഹി : കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രിപദത്തിനായുള്ള വടംവലിക്ക്‌ അയവില്ല. രാഹുൽ ഗാന്ധിയടക്കം കേന്ദ്രനേതൃത്വം ഇടപെട്ടിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കം പരിഹരിക്കാനായിട്ടില്ല. ഉടൻ നേതൃമാറ്റമുണ്ടാകുമെന്ന ഊഹാപോഹങ്ങൾ തള്ളി സിദ്ധരാമയ്യ രംഗത്തെത്തി.

മുഖ്യമന്ത്രിക്കസേരയിൽ ഇപ്പോൾ താനുണ്ടെന്നും അഞ്ചുവർഷവും താൻതന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയാൻ ഹൈക്കമാൻഡ്‌ നിർദേശിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്‌. ‘ഡി കെ ശിവകുമാറിന്‌ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടാകും. പക്ഷേ, കസേര ഇപ്പോൾ കാലിയല്ല. രണ്ടര വർഷം കഴിഞ്ഞ്‌ മുഖ്യമന്ത്രി പദം ഒഴിയാമെന്ന ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല’–-സിദ്ധരാമയ്യ പറഞ്ഞു. ഇരുനേതാക്കളെയും ഹൈക്കമാൻഡ്‌ ഡൽഹിക്ക്‌ വിളിപ്പിച്ചിരുന്നു. ബുധനാഴ്‌ച ചാണക്യപുരിയിലെ കർണാടകഭവനിൽ എത്തിയ ശിവകുമാർ അനെക്‌സ്‌ ബിൽഡിങ്ങിലെ മുഖ്യമന്ത്രിക്കുള്ള സ്യൂട്ട്‌റൂമിലാണ്‌ തങ്ങിയത്‌.

സിദ്ധരാമയ്യ പഴയ കെട്ടിടത്തിലെ മുഖ്യമന്ത്രിയുടെ സ്യൂട്ട്‌ റൂമിലും. തന്റെ അനുവാദത്തോടെയാണ്‌ ശിവകുമാർ മുഖ്യമന്ത്രിയുടെ സ്യൂട്ടിൽ തങ്ങിയതെന്ന്‌ സിദ്ധരാമയ്യ പറയുമ്പോഴും, നേതൃമാറ്റത്തിന്റെ സൂചനയാണിതെന്നും വിലയിരുത്തപ്പെടുന്നു. ബുധനാഴ്ച പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയശേഷം ഇരുവരും സ്വന്തംനിലയ്‌ക്ക്‌ മാധ്യമങ്ങളെ കണ്ടതും ചർച്ചയായി. സിദ്ധരാമയ്യ വ്യാഴം വൈകിട്ട്‌ സംസ്ഥാനത്തിന്റെ ചുമതലയുള്ള രൺദീപ് സുർജെവാലയെ കണ്ടു. ശിവകുമാർ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി ചർച്ച നടത്തി. നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന്‌ ശിവകുമാർ ഒഴിഞ്ഞുമാറിയപ്പോൾ മുഖ്യമന്ത്രിയാകാൻ ശിവകുമാർ നീക്കംനടത്തുന്നത്‌ സിദ്ധരാമയ്യ ദേശീയമാധ്യമത്തോട്‌ സ്ഥിരീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home