print edition കടലാഴങ്ങളിൽ അറിവും അത്ഭുതവും തിരഞ്ഞ് ദിവ്യ വിശ്വംഭരൻ

ആർ ഹേമലത
Published on Apr 23, 2026, 12:56 AM | 1 min read
കൊച്ചി : കടലാഴങ്ങളിലെ അത്ഭുതങ്ങളിലേക്ക് ഉൗളിയിട്ട് അറിവിന്റെ മുത്തും പവിഴവും തിരയുകയാണ് ദിവ്യ വിശ്വംഭരൻ. ആഴക്കടലിൽ 50 ശാസ്‌ത്രീയ ഡൈവുകൾ പൂർത്തിയാക്കിയ ദിവ്യ, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടി (സിഎംഎഫ്‌ആർഐ)ലെ മുതിർന്ന ശാസ്ത്രജ്ഞയും ഏക സ്‌ത്രീ ഗവേഷണ ഡൈവറുമാണ്.
കർണാടകം, കേരളം, ലക്ഷദ്വീപ് തീരത്തെ ഓഫ്‌ഷോർ, പവിഴപ്പുറ്റ്, ദ്വീപ് ആവാസവ്യവസ്ഥകളിലായാണ് 50 ശാസ്ത്രീയ ഡൈവുകൾ പൂർത്തിയാക്കിയത്. 20 മീറ്റർ ആഴത്തിൽ തുടങ്ങിയ ഡൈവ് 38 മുതൽ 40 മീറ്റർ വരെ എത്തി നിൽക്കുന്നു. “കടലിന്റെ ആഴങ്ങളിലേക്ക് ആദ്യമായി മുങ്ങുമ്പോൾ മൂന്നു വയസുകാരിയായ മകളെക്കുറിച്ചായിരുന്നു ചിന്ത. എന്നാൽ ആഴങ്ങളിലേക്ക് ഇറങ്ങിയപ്പോൾ എല്ലാം മറന്നു.
സങ്കൽപ്പിച്ചതിനപ്പുറമാണ് അവിടത്തെ കാഴ്‌ചകൾ.’’ ആദ്യ ഡൈവിങ്ങിനെ കുറിച്ച് പറയുന്പോൾ ദിവ്യയുടെ കണ്ണുകളിൽ കൗതുകം നിറയുന്നു.
തിരുവനന്തപുരം സ്വദേശിയായ ദിവ്യ ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ 2014ലാണ് സിഎംഎഫ്‌ആർഐയിൽ ഗവേഷകയായത്. മംഗളൂരുവിലെ മറൈൻ ഡൈവേഴ്സിറ്റി ഡിവിഷനിലായിരുന്നു ആദ്യ നിയമനം. 2017 ൽ പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷി പഠിക്കാൻ ലക്ഷദ്വീപിലേക്ക്. മറ്റ് ഡൈവർമാർ നൽകിയ വീഡിയോ ദൃശ്യങ്ങൾ കണ്ടുള്ള വിശകലനം പോരെന്ന് തോന്നിയപ്പോൾ ആഴക്കടൽ ഡൈവിങ് പരിശീലിക്കാൻ തീരുമാനിച്ചു. ഭർത്താവ് റിനുവിന്റെ പ്രോത്സാഹനത്തോടെ 2018 ൽ ഉഡുപ്പിക്കടുത്ത കാപ്പുവിലെ ഡൈവിങ് പരിശീലന സ്ഥാപനത്തിൽ ചേർന്നു. കർണാടകം ഭട്കലിലെ നേത്രാണി റീഫിലായിരുന്നു ആദ്യ ഡൈവ്. ആഴം 20 മീറ്റർ മാത്രമായിരുന്നു. പിന്നീട് അഡ്വാൻസ് കോഴ്‌സ് പൂർത്തിയാക്കി 40 മീറ്റർ ആഴത്തിലേക്ക് പോകാൻ തുടങ്ങി.
"ഭട്കലിലെ പവിഴപ്പുറ്റുകളിൽ 75 വർഷം പഴക്കമുള്ള, തകർന്ന കപ്പൽ കണ്ടത് മറക്കാനാകില്ല. കപ്പൽ രണ്ടായി പിളർന്നിരുന്നു. കാലപ്പഴക്കത്തിൽ അത് മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമായെങ്കിലും ചുറ്റിപ്പിടിച്ച വലകളിൽ മത്സ്യാവശിഷ്‌ടങ്ങൾ മുള്ളുകൾ മാത്രമായി ശേഷിച്ചിരുന്നു. ഈ അനുഭവം ‘പ്രേതവല’കളുടെ അപകടങ്ങളെക്കുറിച്ചുള്ള പഠനത്തിന് പ്രേരണയായി. 2025 ൽ അത് പ്രബന്ധമായി പ്രസിദ്ധീകരിച്ചു.
കണവയുടെ പ്രജനനംമുതലുള്ള ജീവിതക്രമം പഠിക്കാനുള്ള ഡൈവുകളും പൂർത്തിയാക്കി. രണ്ട് റിപ്പോർട്ടുകളും ഉടൻ സമർപ്പിക്കും. മംഗളൂരു ഡിവിഷനിലാണിപ്പോൾ. ഏഴാം ക്ലാസുകാരിയായ മകൾ നൈപുണ്യയും ബിഎസ്‌എൻഎൽ അക്കൗണ്ട്‌സ് ഓഫീസറായ ഭർത്താവ് റിനുവും അടങ്ങുന്നതാണ് കുടുംബം.










0 comments