print edition ദിവ്യ എസ് അയ്യരെ നീക്കിയത് അദാനിക്കുവേണ്ടി


സ്വന്തം ലേഖകൻ
Published on Jul 06, 2026, 12:38 AM | 1 min read
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സിഎംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കിയത് അദാനി കന്പനിയുടെ താൽപ്പര്യം സംരക്ഷിക്കാൻ. ദിവ്യയെ മാറ്റി ജൂനിയറായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതോടെയാണ് വിഴിഞ്ഞം തുറമുഖ കമ്പനിയിലെ അദാനി ഗ്രൂപ്പിനുള്ള ഓഹരിവിൽപ്പന നീക്കം സജീവമായത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദിവ്യയെ മാറ്റണമെന്ന ആവശ്യം ഉയർന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നിരസിച്ചു. ‘പോർട്ടിന്റെ കാര്യംമാത്രം നിങ്ങൾ നോക്കിയാൽ മതി, ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം' എന്ന നിലപാടാണെടുത്തത്.
വിഴിഞ്ഞം കരാര്‍ വ്യവസ്ഥയിൽ അദാനി കമ്പനി മാറ്റത്തിന് ശ്രമിച്ചപ്പോഴെല്ലാം തടഞ്ഞത് ദിവ്യയാണ്. തുടര്‍ന്നാണ് മാറ്റാൻ സമ്മർദമുണ്ടായതും.ഓഹരിക്കൈമാറ്റത്തിലൂടെ 13,000 കോടി രൂപയുടെ വിദേശനിക്ഷേപം വരുന്നതായി വാർത്താക്കുറിപ്പിലൂടെ കന്പനി പ്രചരിപ്പിച്ചു. എന്നാൽ, മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) നിക്ഷേപം നടത്തുകയല്ല, അദാനി കന്പനിയുടെ ഓഹരി വാങ്ങുകയാണെന്നത് പ്രതിപക്ഷം നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് നാടറിഞ്ഞത്.
അദാനിക്ക് ലാഭമുണ്ടാക്കുന്ന ഓഹരിക്കൈമാറ്റത്തിനുപിന്നിൽ ആസൂത്രിത നീക്കമായിരുന്നു. മുഖ്യമന്ത്രിയാകും മുമ്പ് അദാനി ഗ്രൂപ്പ് ഒരുക്കിയ ചാർട്ടേഡ് വിമാനത്തിൽ വി ഡി സതീശന്‍ നടത്തിയ മംഗളൂരു യാത്രയും തുറമുഖ, നിയമ വകുപ്പുകൾ സതീശന്‍ കൈവശം വയ്‌ക്കുന്നതും സിഎംഡിയെ മാറ്റിയതും മുഖ്യമന്ത്രിയുടെ സെക്രട്ടറിയെത്തന്നെ തുറമുഖ സെക്രട്ടറിയാക്കിയതും ഇതിന്റെ ഭാഗമായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രണ്ട് തവണ വാർത്താസമ്മേളനത്തിൽ ഇൗ വിഷയം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.











0 comments