ad
Deshabhimani

കുട്ടികളോടുള്ള ക്രൂരതയും 
ആത്മഹത്യാഭീഷണിയും 
വിവാഹമോചനത്തിന് മതിയായ കാരണം

divorce petition
വെബ് ഡെസ്ക്

Published on Oct 09, 2025, 12:31 AM | 1 min read


കൊച്ചി

ഭാര്യയോ ഭർത്താവോ കുട്ടികളെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്നത് വിവാഹമോചനത്തിന് മതിയായ കരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി. കുട്ടികളെ ഉപദ്രവിക്കുന്ന പങ്കാളി തന്നെയും ഉപദ്രവിക്കുമെന്ന് ഒരാൾ ആശങ്കപ്പെടുന്നതിൽ ന്യായമുണ്ടെന്നും വിവാഹമോചനക്കേസിലെ അപ്പീൽ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആത്മഹത്യാശ്രമങ്ങളും ഭീഷണിയും പങ്കാളിയോടുള്ള ക്രൂരതയായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.


ആദ്യവിവാഹത്തിലെ മക്കളെ പുതിയ പങ്കാളി ഉപദ്രവിക്കുന്നതിനാൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് നൽകിയ ഹർജിയിൽ കോട്ടയം കുടുംബകോടതി അനുകൂല വിധി നൽകിയിരുന്നു. ഈ വിധിയിലെ ജീവനാംശം കൂട്ടിക്കിട്ടണമെന്നാവശ്യപ്പെട്ട് ഭാര്യയും ജീവനാംശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവും നൽകിയ ഹർജികൾ തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.


വിദേശത്ത് ജോലിയുള്ള യുവാവ് ആദ്യഭാര്യയുടെ മരണത്തെ തുടർന്നാണ് ഹർജിക്കാരിയെ വിവാഹം ചെയ്തത്. ആദ്യവിവാഹത്തിലെ രണ്ടു കുട്ടികൾ രണ്ടാനമ്മയ്‌ക്കൊപ്പമായിരുന്നു താമസം. എന്നാൽ, ഭർത്താവിന്റെ അസാന്നിധ്യത്തിൽ കുട്ടികളെ ഇവർ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇതേത്തുടർന്ന് മൂത്തമകളെ ഹോസ്റ്റലിലാക്കേണ്ടിവന്നു. മകനെ ഉപദ്രവിക്കുന്നത് തുടർന്നു. ഇത് ചോദ്യംചെയ്തപ്പോൾ ഹർജിക്കാരി ആത്മഹത്യക്കും ശ്രമിച്ചു. പിന്നീട് പിണങ്ങി വീടുവിട്ടുപോയി. ഈ സാഹചര്യത്തിലാണ് വിവാഹമോചനത്തിന് ശ്രമിച്ചതെന്നും യുവാവ്‌ അറിയിച്ചു.


വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിൽ ഹൈക്കോടതി ഇടപെട്ടില്ല. കുടുംബകോടതി ജീവനാംശമായി മാസം 6000 രൂപവീതമാണ് അനുവദിച്ചിരുന്നത്. എന്നാൽ, ഭർത്താവിന്റെ പദവിയും വരുമാനവും ജീവിതസാഹചര്യങ്ങളും പരിഗണിച്ച് ഇത്‌ 15,000 രൂപവീതമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home