വൈവിധ്യമാണ് കരുത്ത്; കേരളം ലോകത്തിന് മാതൃക: ഡോ. അമീന ഗുരീബ് ഫക്കീം

കെഎൽഐബിഎഫ് ഡയലോഗ് സെഷനിൽ ഡോ. അമീന ഗുരീബ് ഫക്കീം, ഡോ. അബ്ബാസ് പനക്കൽ എന്നിവർ സംസാരിക്കുന്നു
തിരുവനന്തപുരം : വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്നതുമായ കേരളത്തിന്റെ വികസന മാതൃക ലോകത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് മുൻ മൗറീഷ്യസ് പ്രസിഡന്റും ശാസ്ത്രജ്ഞയുമായ ഡോ. അമീന ഗുരീബ് ഫക്കീം. കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കെഎൽഐബിഎഫ് ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. അബ്ബാസ് പനക്കലുമായിട്ടായിരുന്നു സംവാദം.
നിയമനിർമാണങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താതെ നിയമസഭാ സമുച്ചയം പുസ്തകോത്സവത്തിനായി തുറന്നുകൊടുത്ത സംസ്ഥാന സർക്കാരിന്റെ നടപടി സമാനതകളില്ലാത്തതാണെന്ന് ഡോ. അമീന പറഞ്ഞു. പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർഥികൾക്ക് നിയന്ത്രണങ്ങളില്ലാതെ സഭയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ കഴിയുന്നത് കേരളത്തിന്റെ പുരോഗതിയാണ് കാണിക്കുന്നത്.
മൗറീഷ്യസും കേരളവും തമ്മിലുള്ള സമാനതകളെക്കുറിച്ചും അവർ പറഞ്ഞു. ഇവിടെ ബീച്ചിലൂടെ നടക്കുമ്പോൾ ജനങ്ങൾ എത്രത്തോളം സന്തോഷവാന്മാരും ശാന്തരുമാണെന്ന് താൻ ശ്രദ്ധിച്ചുവെന്നും തന്റെ നാട്ടിലെ പോലെ തന്നെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ പള്ളിയും മോസ്കും ക്ഷേത്രവും ഇവിടെയും സഹവർത്തിത്വത്തോടെ നിലനിൽക്കുന്നത് സന്തോഷകരമായ കാഴ്ചയാണെന്നും അവർ പറഞ്ഞു. ഈ വൈവിധ്യമാണ് വികസനത്തിന്റെ അടിത്തറ. വൈവിധ്യം ഒരു ഭാരമല്ല, മറിച്ച് കരുത്താണെന്നും അവർ പറഞ്ഞു. അതിദാരിദ്ര്യ നിർമാർജനത്തിൽ കേരളം കൈവരിച്ച നേട്ടം മികച്ച മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ശാസ്ത്രം ജീവിതത്തിന്റെ ഭാഗമാകണമെന്നും കൂടുതൽ സ്ത്രീകൾ ശാസ്ത്രരംഗത്തേക്ക് കടന്നുവരണമെന്നും അവർ പറഞ്ഞു. സങ്കീർണ്ണമായ ശാസ്ത്ര സത്യങ്ങളെ ലളിതമായ ഭാഷയിൽ കുട്ടികൾക്ക് പകർന്നു നൽകാൻ കഴിയണം. താൻ ഇന്ത്യയിൽ നിന്നും മൗറീഷ്യസിലേക്ക് കുടിയേറിയവരുടെ നാലാം തലമുറയിൽ പെട്ട ആൾ ആണെന്ന് ഡോ. അമീന ഗുരീബ് പറഞ്ഞു. മൗറീഷ്യസിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി തുടങ്ങിയ ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. ഭാവിയിൽ അവിടെ മലയാളവും പഠിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങണമെന്ന് ചർച്ചയിൽ നിർദേശം ഉയർന്നു










0 comments