ad
Deshabhimani

പ്രളയദുരിതാശ്വാസ ഫണ്ട്‌ തട്ടിപ്പ്‌ ; എറണാകുളം കലക്‌ടറേറ്റിലെ 
സെക്‌ഷൻ ക്ലർക്കിനെ പുറത്താക്കി

dismissed
വെബ് ഡെസ്ക്

Published on Jul 16, 2025, 02:24 AM | 1 min read


തൃക്കാക്കര

പ്രളയദുരിതാശ്വാസ ഫണ്ട്‌ തിരിമറിയിലൂടെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും കൃത്യവിലോപത്തിലൂടെ സർക്കാരിന്‌ കോടികൾ നഷ്‌ടമുണ്ടാക്കുകയും ചെയ്‌ത എറണാകുളം കലക്‌ടറേറ്റിലെ സെക്‌ഷൻ ക്ലർക്ക്‌ വിഷ്‌ണുപ്രസാദിനെ സർവീസിൽനിന്ന്‌ പുറത്താക്കി. വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയാണ്‌ കലക്‌ടർ എൻ എസ്‌ കെ ഉമേഷ്‌ പുറത്താക്കിയത്‌.


2018 ലെ പ്രളയദുരിതാശ്വാസ ഫണ്ട്‌ തിരിമറിയിലൂടെ 76.83 ലക്ഷം രൂപ തട്ടിയെടുത്ത വിഷ്‌ണുപ്രസാദ്‌ കൃത്യവിലോപത്തിലൂടെ സംസ്ഥാന സർക്കാരിന്‌ 10 കോടിയോളം രൂപ നഷ്‌ടമുണ്ടാക്കിയെന്നും കണ്ടെത്തിയിരുന്നു. കൃത്രിമ രേഖകൾ ചമച്ച്‌ 23 ഇടപാടുകൾ നടത്തി. 11 ഇടപാടിലൂടെ പണം എത്തിയത്‌ സ്വന്തം അക്കൗണ്ടിലേക്കാണ്‌. ബാക്കി അടുപ്പക്കാരുടെ അക്കൗണ്ടിലേക്കും.


ലാൻഡ്‌ റവന്യു കമീഷണർ വൈ സഫിറുള്ള തയ്യാറാക്കിയ കുറ്റാരോപണ പത്രികയിൽ തിരിമറികൾ അക്കമിട്ട്‌ പറയുന്നു. പ്രളയബാധിതരായ 661 പേർക്കായി 66.10 ലക്ഷം രൂപ അനുവദിച്ചപ്പോൾ മാറിയെടുത്തത്‌ 67.10 ലക്ഷം. ഒരുലക്ഷം സ്വന്തം അക്കൗണ്ടിലാക്കി. 729 ഗുണഭോക്താക്കൾക്കായി 72.90 ലക്ഷം അനുവദിച്ചപ്പോൾ 74.70 ലക്ഷം എടുത്ത്‌ 1.80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലിട്ടു. പത്തുപേർക്കായി ഒരു കോടി അനുവദിച്ചത്‌ 1.90 കോടിയാക്കി മാറിയെടുത്തു. അതിൽ 90,000 രൂപ സ്വന്തം അക്കൗണ്ടിലാക്കി. കൂടാതെ, അപ്പീലിലൂടെ ഉയർന്ന ദുരിതാശ്വാസ തുകയ്‌ക്ക്‌ അർഹരെന്ന്‌ കണ്ടെത്തിയ 303 പേരിൽനിന്ന്‌ സർക്കാർ ഉത്തരവില്ലാതെ, അവർ ആദ്യം കൈപ്പറ്റിയ ചെറിയ തുക തിരിച്ചുപിടിച്ചതിൽ 73.13 ലക്ഷം തട്ടി. കൃത്രിമ രസീതുകളാണ്‌ പണമടച്ചവർക്ക്‌ നൽകിയത്‌.


325 പേർക്ക്‌ അനുവദിച്ച 7.78 കോടി രൂപ അനർഹർക്ക്‌ ഉൾപ്പെടെ നൽകിയതായും കണ്ടെത്തി. 6.77 കോടി രൂപ വിതരണം ചെയ്യാതെ ബാങ്കുകളിൽ സൂക്ഷിച്ചു. നടപടിക്രമങ്ങളിലെ വീഴ്‌ചയിലൂടെ 7.78 കോടി രൂപ സർക്കാരിന്‌ നഷ്‌ടമുണ്ടാക്കി. ഫയലുകളിൽ കണക്ക്‌ തെറ്റായി എഴുതിയും ചെക്കുകളും ഡിഡിയും വരവ്‌ വയ്‌ക്കാതെയും 30 ലക്ഷത്തോളം നഷ്‌ടപ്പെടുത്തി. ദുരിതാശ്വാസ തുക അർഹർക്ക്‌ നൽകാതെ കൈവശംവച്ചതായും ധനവിനിയോഗത്തിൽ ഗുരുതരവീഴ്‌ച വരുത്തിയതായും കണ്ടെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home