കെപിസിസി യോഗത്തിൽ ചർച്ച വിലക്കി; രാഹുലിനെ സഭയിലെത്തിച്ചത്‌ നേതൃത്വം

Rahul Mamkootathil Sunny Joseph
avatar
സി കെ ദിനേശ്‌

Published on Sep 16, 2025, 02:47 AM | 1 min read

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്‌ കോൺഗ്രസ്‌ നേതൃത്വത്തിന്റെ അനുമതിയോടെ. കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിന്റെ മ‍ൗനാനുവാദത്തോടെ ഷാഫി പറന്പിൽ, വിഷ്‌ണുനാഥ്‌ സംഘം നടത്തിയ നീക്കമാണ്‌ സഭ തുടങ്ങുന്ന ദിവസംതന്നെ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കിയത്‌. രാഹുൽ സഭയിലെത്തുന്നതിനോട്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വിയോജിച്ചിരുന്നെങ്കിലും തുടർദിവസങ്ങളിൽ മാറിനിൽക്കാമെന്ന ധാരണയിൽ അയഞ്ഞു.


തിങ്കളാഴ്‌ച ചരമോപചാരം മാത്രമല്ലേയെന്ന നിലപാടിലായിരുന്നു സണ്ണി. കടുത്ത വിയോജിപ്പുകൾ പ്രകടമാക്കുന്പോൾ മറുവശത്തുകൂടി രാഹുലിനെ സംരക്ഷിച്ച്‌ കൊണ്ടുവരികയുമെന്ന തന്ത്രമാണ്‌ കോൺഗ്രസിന്റേതെന്ന്‌ തിങ്കളാഴ്‌ചത്തെ കെപിസിസി നേതൃയോഗവും തെളിയിച്ചു. യോഗത്തിൽ രാഹുൽ വിഷയം ചർച്ച ചെയ്യുന്നത്‌ സണ്ണി ജോസഫ്‌ വിലക്കി. തനിക്കെതിരായ സൈബർ ആക്രമണത്തെ ചിലർ പ്രോത്സാഹിപ്പിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ ആരോപിച്ചു. രാഹുൽ പ്രശ്നത്തിൽ നേതാക്കൾ പരസ്യമായി ഒറ്റ നിലപാട്‌ എടുക്കാത്തതിലും തർക്കമുണ്ടായി.


സതീശൻ നിലപാട്‌ പറയുമ്പോൾ വർക്കിങ്‌ പ്രസിഡന്റുമാരുൾപ്പെടെ മിണ്ടാതിരിക്കുന്നു. ‘ക്ലാരിറ്റി ’ വേണമെന്ന്‌ കെ മുരളീധരനും വി ടി ബൽറാമും പറഞ്ഞു. വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ തിരിച്ചടിയാണെന്നും കോൺഗ്രസ്‌ വാഗ്‌ദാനം പാലിക്കാത്തത്‌ പ്രവർത്തകർക്കിടയിൽ ചർച്ചയാണെന്നും വിമർശമുയർന്നു. ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ സംഭവങ്ങൾ വിശദീകരിച്ചു. നേതാക്കൾക്കെതിരായ സൈബര്‍ ആക്രമണം അന്വേഷിക്കാൻ വി ടി ബല്‍റാമിനെ ചുമതലപ്പെടുത്തി. കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home