ad
Deshabhimani

ബജറ്റ്‌ നിരാശാജനകം

print edition സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്; 'നികുതി കുറച്ചതുകൊണ്ട്‌ കാര്യമില്ല'

Private Buses
വെബ് ഡെസ്ക്

Published on Jun 20, 2026, 02:02 AM | 2 min read

പാലക്കാട്‌: സ്വകാര്യ ബസുടമകൾക്ക്‌ ബജറ്റ്‌ നിരാശാജനകമാണെന്നും ഉടൻ സമരത്തിലേക്ക്‌ നീങ്ങുമെന്നും കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്‌ നേട്ടമുണ്ടാക്കില്ല. 50 ശതമാനം നികുതി കുറയ്‌ക്കുമ്പോൾ ഒരുമാസം 3000 രൂപയുടെ ഇളവുമാത്രമാണ് ലഭിക്കുന്നത്. ഡീസൽവില വർധനയുടെ ഭാഗമായി ഒരു ദിവസം 1000 രൂപയോളം നഷ്ടമുണ്ട്‌.


സൗജന്യയാത്ര നടപ്പാക്കിയപ്പോൾ സ്വകാര്യ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണം 70 ശതമാനം കുറഞ്ഞു. 50 ശതമാനത്തിലധികം ബസുടമകൾക്ക് ഡീസൽ അടിക്കാനോ, തൊഴിലാളികൾക്ക് ശമ്പളം നൽകാനോ വരുമാനം കിട്ടുന്നില്ല. മാത്രമല്ല, സ്വകാര്യ ബസുകളിൽ രാവിലെയും വൈകിട്ടും വിദ്യാർഥികളാണ് കൂടുതൽ. സ്വകാര്യ ബസ് മേഖല നിലനിൽക്കാനാവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം സമരത്തിലേക്ക്‌ നീങ്ങുമെന്നും സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.


നികുതി കുറച്ചതുകൊണ്ട്‌ കാര്യമില്ല


പാലക്കാട്‌: സ്വകാര്യബസുകളുടെ ത്രൈമാസ നികുതി പകുതിയായി കുറച്ചതുകൊണ്ട്‌ വരുമാന നഷ്ടം നികത്താൻ കഴിയില്ലെന്ന്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥ്‌.


നിലവിൽ 38 സീറ്റ്‌ ബസിന്‌ ത്രൈമാസ നികുതി 19,170 രൂപയും വലിയ ബസിന്‌ 25,650 രൂപയുമാണ്‌. ഇതുപ്രകാരം ഒരു ദിവസം സാധാരണ ബസിന്‌ 202 രൂപയും വലിയ ബസിന്‌ 289 രൂപയുമാണ്‌ നികുതി. ഇത്‌ പകുതിയായി കുറച്ചുവെന്നാണ്‌ മുഖ്യമന്ത്രി ബജറ്റിൽ പറഞ്ഞത്‌.


എന്നാൽ ഇതിലൂടെ ഒരു ദിവസം സ്വകാര്യ ബസുടമ ലാഭിക്കുന്നത്‌ 100 മുതൽ 150 വരെമാത്രമാണ്‌. അടുത്തകാലത്തായി വിവിധ ഘട്ടങ്ങളിൽ ഡീസലിന്‌ ലിറ്ററിന്‌ എട്ട്‌ രൂപയാണ്‌ കൂടിയത്‌. ഒരു ദിവസം ചുരുങ്ങിയത്‌ 80 ലിറ്റർ ഡീസൽ സാധാരണ ബസിന്‌ അടിക്കേണ്ടിവരും. ഇതിനായി 640 രൂപ അധികം കാണണം.


കെഎസ്‌ആർടിസി സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. ഇതിലൂടെ മാത്രം ദിവസം 1,000 മുതൽ 4,000 രൂപവരെയാണ്‌ നഷ്ടം. ഈ നില തുടർന്നാൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയാതെ വരും. മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽക്കണ്ട് സാഹചര്യം വിശദീകരിക്കുമെന്ന് ടി ഗോപിനാഥൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home