പമ്പയിൽ സിനിമ ചിത്രീകരണം; അബദ്ധം പറ്റിയതാണെന്ന് സംവിധായകൻ അനുരാജ് മനോഹർ

പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ ശബരിമല സന്നിധാനത്ത് അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തി. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെത്തിയാണ് അനുരാജ് മനോഹർ മൊഴി നൽകിയത്. അബദ്ധം പറ്റിയതാണെന്ന് സംവിധായകൻ വനംവകുപ്പിനെ അറിയിച്ചു. വിശദമായ പരിശോധന നടത്താൻ വേണ്ടി ചിത്രീകരണത്തിനുപയോഗിച്ച ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാൻ നിർദേശം നൽകി.
തെറ്റുപറ്റിയെന്നും പിഴയടയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് ചിത്രീകരണത്തിനായി എത്തിയതെന്നും അനുരാജ് കൂട്ടിച്ചേർത്തു. നേരത്തെ സന്നിധാനത്ത് ചിത്രീകരണത്തിനായി അനുരാജ് മനോഹർ അനുമതി തേടിയിരുന്നെങ്കിലും ഹൈക്കോടതി വിലക്കും തിരക്കും ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇത് നിഷേധിച്ചിരുന്നു.
ഷൂട്ടിംഗ് നടത്തിയത് സന്നിധാനത്തല്ലെന്നും പമ്പ ഹിൽടോപ്പിലാണെന്നും അനുരാജ് നേരത്തെ പറഞ്ഞിരുന്നു. പമ്പ പശ്ചാത്തലമായുള്ള സിനിമയായതിനാലാണ് അവിടെ ചിത്രീകരണം നടത്തിയതെന്നാണ് സംവിധായകൻ പറഞ്ഞത്.
ദേവസ്വം വിജിലൻസ് എസ് പി സുനിൽ കുമാർ ഇന്ന് വൈകുന്നേരത്തോടെ ദേവസ്വം ബോർഡ് പ്രസിഡന്റിന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അനുമതിയില്ലാതെ പെരിയാർ ടൈഗർ റിസർവിനുള്ളിൽ പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും വനംവകുപ്പും അനുരാജിനെതിരെ കേസെടുത്തിട്ടുണ്ട്. 'ഇഷ്ക്', 'നരിവേട്ട' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാജ് മനോഹർ.










0 comments