ad
Deshabhimani

print edition വികസനം നിറച്ച്‌ മലപ്പുറം

ldf malappuram
avatar
സി പ്രജോഷ്‌കുമാർ

Published on Mar 15, 2026, 12:01 AM | 2 min read

രാഷ്‌ട്രീയ ബലാബലത്തിൽ എന്നും യുഡിഎഫിന്‌ മേൽക്കെെയുള്ള ജില്ലയാണ്‌ മലപ്പുറം പക്ഷേ, നിരവധി തവണ ലീഗ്‌ കോട്ടകൾ വിറപ്പിച്ച ചരിത്രവും ജില്ലയ്ക്കുണ്ട്‌


മലപ്പുറം : ദേശീയപാത അതോറിറ്റി ഓഫീസ്‌ പൂട്ടി ഡൽഹിക്ക്‌ മടങ്ങിയ കാലം. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ മതമ‍ൗലികവാദ സംഘടനകൾക്കൊപ്പം മുസ്ലിം ലീഗും അണിചേർന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാറിന്‌ മുട്ടുവിറച്ച കാലം. ഓർമ്മകളുടെ ദുരിതകാലം മടക്കിവച്ച്‌ ആറുവരിപ്പാതയും ഗെയിൽ വാതകപൈപ്പ്‌ലൈനും മലയോരപാതയും തീരദേശപാതയുമെല്ലാം യാഥാർഥ്യമാക്കി കുതിക്കുകയാണ്‌ മലപ്പുറം ജില്ല.


ലീഗിന്‌ അഞ്ചാം മന്ത്രിമാർ വാണിട്ടും ഒന്നും സംഭവിക്കാത്ത യുഡിഎഫ്‌ കാലം ജനങ്ങൾ ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല. പത്തു വർഷത്തെ ഇടതുപക്ഷ ഭരണം അത്രത്തോളം ഇ‍ൗ നാടിന്റെ മനം നിറച്ചുകഴിഞ്ഞു. 2021ൽ ഭരണം ഉറപ്പിച്ചാണ്‌ യുഡിഎഫ്‌ നേതാക്കൾ മന്ത്രിക്കുപ്പായം തുന്നി കാത്തിരുന്നത്‌. ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ച്‌ നിയമസഭയിലേക്കിറങ്ങി. പക്ഷെ, ഫലം ലീഗിനെ ഞെട്ടിച്ചു. അതിന്റെ ആഘാതത്തിൽ നിന്നും അവർ മുക്തരായിട്ടില്ല. ഒരു തവണകൂടി അധികാരത്തിന്‌ പുറത്തിരുന്നാൽ ലീഗിന്റെ രാഷ്‌ട്രീയ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന്‌ അവർ ഭയക്കുന്നു. രാഷ്‌ട്രീയ ബലാബലത്തിൽ എന്നും യുഡിഎഫിന്‌ മേൽകൈയുള്ള ജില്ലയാണ്‌ മലപ്പുറം. പക്ഷേ, നിരവധി തവണ ലീഗ്‌ കോട്ടകൾ വിറപ്പിച്ച ചരിത്രവും ജില്ലക്കുണ്ട്‌. 2006ൽ ആഞ്ഞുവീശിയ ഇടതുതരംഗത്തിൽ ലീഗ്‌ കോട്ടകൾ കടപുഴകി. പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും ഇ ടി മുഹമ്മദ്‌ ബഷീറും തോൽവിയറിഞ്ഞു.


2011ൽ മണ്ഡലങ്ങൾ വിഭജിച്ച്‌ യുഡിഎഫ്‌ തിരിച്ചുവന്നു. ഇടതുപക്ഷം രണ്ടിലേക്ക്‌ ചുരുങ്ങി. എന്നാൽ, 2016ലും 2021ലും വീണ്ടും കരുത്തുകാട്ടി. ആകെയുള്ള 16 സീറ്റിൽ പൊന്നാനി, തവനൂർ, താനൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ ഇടതുപതാക പാറി. 2021ൽ പെരിന്തൽമണ്ണ നിസ്സാര വോട്ടുകൾക്കാണ്‌ നഷ്ടമായത്‌. പി വി അൻവർ രാജിവച്ചതിനെ തുടർന്ന്‌ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയിച്ചു. പത്തുവർഷമായി അധികാരമില്ലാത്തതിൽ അസ്വസ്ഥരാണ്‌ ലീഗ്‌. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ മതമൗലികവാദ ശക്തികളുമായി പരസ്യ കൂട്ടുകെട്ടുണ്ടാക്കിയാണ്‌ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ മേൽകൈ നേടിയത്‌. ഇത്തവണ നിയമസഭാ സീറ്റിനായി യുഡിഎഫിൽ വടംവലി ശക്തമാണ്‌.


ലീഗിൽ മൂന്ന്‌ ടേം വ്യവസ്ഥ നിർബന്ധമാക്കണമെന്ന്‌ ഒരു വിഭാഗം കർശന നിലപാട്‌ സ്വീകരിക്കുന്നുണ്ട്‌. സീറ്റ്‌ നഷ്ടമാകുമെന്നതിനാൽ മുതിർന്ന നേതാക്കൾ ഇതിനെ എതിർക്കുന്നു. കോൺഗ്രസുമായി മണ്ഡലങ്ങൾ വച്ചുമാറാനും ലീഗിൽ നീക്കമുണ്ട്‌. ഇതിലും ഭിന്നത രൂക്ഷമാണ്‌. തവനൂർ മണ്ഡലം വിട്ടുകിട്ടണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ്‌ അംഗീകരിച്ചിട്ടില്ല. ഒരു സീറ്റിൽ മൂന്നും നാലും സ്ഥാനാർഥികളാണ്‌ യുഡിഎഫിൽ കുപ്പായം തുന്നി കാത്തിരിക്കുന്നത്‌. സ്ഥാനാർഥി പ്രഖ്യാപനത്തോടെ സ്ഥിതി കലുഷിതമാകും. സംസ്ഥാനത്ത്‌ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ലയാണ്‌ മലപ്പുറം‌. ആകെ 36,15,970 വോട്ടർമാർ. പുരുഷന്മാർ– 18,10,627, സ്‌ത്രീകൾ–18,05,303 ട്രാൻസ്‌ജെൻഡേഴ്‌സ്‌– 40. കഴിഞ്ഞതവണത്തേക്കാൾ 2,94,932 വോട്ടർമാർ കൂടുതൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home