print edition എലത്തൂരിൽ വീണ്ടും വിരിയും വികസനപ്പൂക്കൾ

ഫയൽ ചിത്രം
അനഘ പ്രകാശ്
Published on Mar 31, 2026, 12:00 AM | 1 min read
കോഴിക്കോട് : നാടിന്റെ സ്പന്ദനമറിഞ്ഞ്, കക്ഷിരാഷ്ട്രീയ ഭേദമന്യേ സമസ്ത മേഖലയിലും വികസനത്തിന്റെ വഴി വെട്ടിയ ജനനായകൻ. 27 വര്‍ഷത്തെ നിയമസഭാപ്രവർത്തന പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ വീണ്ടും ജനവിധി തേടുന്നത്. മണ്ഡലം രൂപീകരിച്ചശേഷം എൽഡിഎഫിനെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് എലത്തൂരിന്റേത്.
2016ൽ എൽഡിഎഫ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായും 2021ൽ വനം മന്ത്രിയായും മികച്ച ഭരണകർത്താവായി പ്രവര്‍ത്തിച്ചപ്പോഴും മണ്ഡലത്തിന്റെ വികസന തേരാളിയായി മുമ്പിലുണ്ടായിരുന്നു ശശീന്ദ്രൻ. 10 കോടി രൂപ ചെലവിൽ നേവൽ ട്രെയിനിങ് സെന്ററിന്റെ വികസന പ്രവർത്തനങ്ങൾ, കോഴിക്കോട് –- ബാലുശേരി റോഡിന് സ്ഥലമേറ്റെടുക്കാൻ 152 കോടി, തലക്കുളത്തൂരിൽ ഏഴ് കോടി ചെലവിൽ സൗരോർജ പദ്ധതി, എ സി ഷൺമുഖദാസ് ആയുർവേദ ആശുപത്രിക്ക് 4.5 കോടി, കോരപ്പുഴയിൽ 28 കോടി ചെലവിൽ പുതിയ പാലം, വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 459 ഗ്രാമീണ റോഡുകൾ, കാക്കൂർ -പാവണ്ടൂരിൽ ആധുനിക സ്റ്റേഡിയം നിര്‍മാണത്തിന് 9.5 കോടി, കോളനികളുടെ മുഖഛായ മാറ്റുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതി തുടങ്ങി 10 വര്‍ഷത്തിനിടെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് മണ്ഡലം സാക്ഷിയായി.
2016 മുതൽ എലത്തൂരിനെ പ്രതിനിധീകരിച്ച ശശീന്ദ്രൻ 1980ൽ പെരിങ്ങളത്ത് നിന്നാണ് ആദ്യം നിയമസഭയിലെത്തുന്നത്. 1982ൽ എടക്കാട് നിന്നും 2006ൽ ബാലുശേരിയിൽ നിന്നും എംഎൽഎയായി. എൻസിപി (എസ്) ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമാണ്. കെപിസിസി ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ടി ദേവദാസാണ് എൻഡിഎ സ്ഥാനാര്‍ഥി. കോഴിക്കോട് കോർപറേഷനിലെ ആറ് വാർഡുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം.









0 comments