print edition ശബരിമല ; മേൽശാന്തിമാർക്ക് ഇനിമുതൽ 4 സഹായികൾമാത്രം : ദേവസ്വം ബോർഡ്

കൊച്ചി
ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സഹായികളുടെ എണ്ണം നാലായി കുറയ്‌ക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. സഹായികളെ നിയമിക്കുന്നതിനുമുമ്പ് പൊലീസ് വെരിഫിക്കേഷനും ഉണ്ടാകും. കീഴ്ശാന്തിമാർക്ക് രണ്ട് സഹായികൾ മാത്രമാക്കും.
അതേസമയം, പരികർമികളുടെ സേവനകാലം അഞ്ചുവർഷമായി നിജപ്പെടുത്തണമെന്ന കോടതി നിർദേശം പ്രായോഗികമല്ലെന്നും അറിയിച്ചു. അത് പാലിച്ചാൽ ശബരിമലയിലെ ആചാരപരമായ ചടങ്ങുകളെക്കുറിച്ച് വ്യക്തമായ അറിവുള്ളവരുടെ സേവനം ലഭ്യമാകാത്ത സാഹചര്യമുണ്ടാകുമെന്നും ബോർഡ് വിശദീകരിച്ചു. മേൽശാന്തിമാരെ അതത് വർഷത്തേക്കാണ് നിയമിക്കുന്നത്. ചടങ്ങുകളിൽ അവർക്ക് വ്യക്തമായ ധാരണ ഉണ്ടാകണമെന്നില്ല. അതിനാൽ, പരികർമികൾക്ക് പ്രായോഗിക പരിചയം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
നിലവിൽ മേൽശാന്തിമാർ സ്വന്തംനിലയിൽ ഇരുപതിലേറെ സഹായികളെ കൊണ്ടുവരുന്ന രീതിയാണ് പിന്തുടരുന്നത്. ഇവരുടെ നിയമനത്തിൽ ബോർഡിന് നിയന്ത്രണവും ഉണ്ടായിരുന്നില്ല. സഹായികളായി വർഷങ്ങളായി പ്രവർത്തിക്കുന്നവരുമുണ്ട്. ഇവർക്ക് ബോർഡ് പ്രതിഫലവും നൽകുന്നില്ല. പുതിയ സാഹചര്യത്തിൽ, സഹായികളായി നിയമിക്കുന്നവർക്കും ബോർഡ് പ്രതിഫലം നൽകേണ്ടതുണ്ടെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. തുടർന്ന് ജസ്റ്റിസ് വി രാജ വിജയരാഘൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹർജി വിധിപറയാൻ മാറ്റി.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സഹായികളുടെ നിയമനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണിച്ചത്. ശബരിമല സ്വർണമോഷണക്കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി മുന്പ് ശാന്തിക്കാരുടെ സഹായിയായിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സഹായികളുടെ വിവരങ്ങൾ കോടതി തേടിയത്.










0 comments