ദേവപ്രിയക്ക് വീടൊരുങ്ങി; വാക്ക് പാലിച്ച് സിപിഐ എം

ദേശീയതാരം ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ച ഭവനം
സ്വന്തം ലേഖകൻ
Published on Aug 19, 2026, 07:00 AM | 1 min read
ചെറുതോണി: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച 'കാല്‍വരി എക്സ്പ്രസ്' ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ഓണസമ്മാനമായി സ്‌നേഹവീടൊരുങ്ങി. 21ന് പകല്‍ 11.30ന് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ താക്കോല്‍ കൈമാറും.ദേവപ്രിയയ്ക്കും കുടുംബത്തിനുമായി 25 ലക്ഷം രൂപ ചെലവഴിച്ച് എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പൂര്‍ത്തീകരിച്ചത്.
രണ്ട് കിടപ്പുമുറി മാത്രമുള്ള പഴയവീട്ടില്‍ മൂന്നുകുട്ടികളും അച്ഛനും അമ്മയും ബന്ധുക്കളുമുള്‍പ്പെടെ ഏഴുപേരാണ് കഴിഞ്ഞിരുന്നത്. കായികമേളകളില്‍ വാരിക്കൂട്ടിയ സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍ വാസയോഗ്യമായ വീടില്ലാതിരുന്ന ദേവപ്രിയയെയും കുടുംബത്തേയും സിപിഐ എം ജില്ലാ കമ്മിറ്റി ചേര്‍ത്തുപിടിച്ചു. നാലുകിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വര്‍ക്ക്ഏരിയയും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള പുതിയ വീട്ടില്‍ ആഹ്‌ളാദം അലയടിക്കുകയാണ്. കായികമേളയില്‍ റെക്കോഡ് തിരുത്തിക്കുറിച്ചയുടന്‍ തന്നെ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്ന്, സ്‌കൂള്‍ ഒളിമ്പിക്സില്‍നിന്ന് ദേവപ്രിയ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ 2025 ഒക്‌ടോബര്‍ 29ന് പുതിയ വീടിന്റെ ശിലാസ്ഥാപന ചടങ്ങ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഉദ്‌ഘാടനം ചെയ്‌തത്. എം എം മണി തറക്കല്ലിടുകയുംചെയ്തു.
സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ്, പ്രസിഡന്റ് ബി അനൂപ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണന്‍ എന്നിവർ ചേര്‍ന്ന് ദേവപ്രിയയുടെ അച്ഛൻ ഷൈബു, അമ്മ ബിസ്‌മി എന്നിവർക്ക് ഫര്‍ണിച്ചർ കൈമാറുന്നു
ഡിവൈഎഫ്‌ഐ, ജനാധിപത്യമഹിള അസോസിയേഷന്‍ ജില്ലാ കമ്മിറ്റികളാണ് ആവശ്യമായ ഉപകരണങ്ങൾ നൽകിയത്. ചൊവ്വാഴ്ച സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ്, പ്രസിഡന്റ് ബി അനൂപ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണന്‍, ജനാധിപത്യമഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് എന്നിവര്‍ ചേര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ കൈമാറി.










0 comments