ad
Deshabhimani

അൻസിജിയുടെ മരണം; പ്രിൻസിപ്പലിന്റെ അറസ്റ്റിന് പിന്നാലെ അന്വേഷണം മറ്റ് അധ്യാപകരിലേയ്ക്കും

Ansija Suicide

അൻസിജി, ഷീജ

വെബ് ഡെസ്ക്

Published on Aug 19, 2026, 07:20 AM | 1 min read

തിരുവനന്തപുരം: കരുങ്കൽ ബത്‌ലഹേം നഴ്‌സിങ് കോളേജ് വിദ്യാർഥിനി അൻസിജി (21) മാനസികപീഡനത്തെതുടർന്ന് കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഷീജയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം മറ്റ് അധ്യാപകരിലേയ്ക്കും വ്യാപിപ്പിക്കുന്നു.


സംഭവത്തില്‍ ഒളിവിൽ പോയ പ്രിൻസിപ്പലിനെ കർണാടക അതിർത്തിയോട് ചേർന്ന ഹൊസൂരിൽനിന്ന് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഷീജയെ അറസ്റ്റ് ചെയ്തത്. കേസിൽ ആറ് അധ്യാപകർക്ക് നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഷീജയുടെ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം മറ്റ് അധ്യാപകരിലേയ്ക്കും വ്യാപിക്കും.

നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയായ അൻസിജിയാണ് ജീവനൊടുക്കിയത്. നഴ്സിങ് കോളേജ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. അൻസിജിയുടെ മരണത്തിനു പിന്നാലെ കോളേജ് മാനേജ്‌മെന്റിനും പ്രിൻസിപ്പലിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കരുങ്കൽ പൊലീസ് കേസെടുത്തിരുന്നു.


ഫോൺ ഉപയോഗിച്ചെന്നാരോപിച്ച് സഹപാഠികളുടെ മുന്നിൽവച്ച് പ്രിൻസിപ്പൽ അൻസിജിയെ പരസ്യമായി അധിക്ഷേപിക്കുകയും മാനസികമായി തകർക്കുകയുമായിരുന്നു. കെട്ടിടത്തിൽ നിന്ന് ചാടിയതിനെ തുടർന്ന് ശരീരഭാ​ഗങ്ങൾ ഒടിഞ്ഞ നിലയിലായ അൻസിജ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോളേജ് അധ്യാപകരിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്ന് മകൾ ജീവനൊടുക്കിയതെന്നാണ് മാതാപിതാക്കൾ ആരോപിച്ചിരുന്നു.


കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനി ഉൾപ്പെടെയുള്ളവർ മോശം ഭക്ഷണം ചൂണ്ടിക്കാട്ടി ഏതാനും മാസങ്ങൾക്ക് മുമ്പ് സമരപരിപാടികൾ നടത്തിയതിന് പിന്നാലെ സമരം ചെയ്ത വിദ്യാർഥികളെ അന്ന് കോളേജ് ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഇതിനുശേഷം സ്വകാര്യ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന ഈ വിദ്യാർഥികളെ അധ്യാപകരും മാനേജ്‌മെന്റ് അധികൃതരും മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home