ഗാസ സിറ്റിയിൽ വീണ്ടും ഇസ്രായേൽ ആക്രമണം: ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസ സിറ്റിയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നു image courtesy : Ahmad Hasaballah/Getty Images
ഗാസ: ഗാസ സിറ്റിയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഭയാർത്ഥി ക്യാമ്പായി പ്രവർത്തിക്കുന്ന നഗരത്തിലെ തുറമുഖത്തിന് സമീപമുള്ള തിരക്കേറിയ കഫേയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ തുറമുഖത്തിന് സമീപമുള്ള ടെന്റുകളിൽ നിന്ന് ആളുകൾ പുറത്തിറങ്ങിയിരുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്ന് മാധ്യമങ്ങൾ പറഞ്ഞു. മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത തരത്തിലാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. യാതൊരു മുന്നറിയിപ്പുകളും ഇല്ലാതെ നടക്കുന്ന ഇത്തരം ആക്രമണങ്ങളിൽ, നിങ്ങൾ റോഡിലൂടെ നടക്കുമ്പോഴോ കഫേയിൽ ഇരിക്കുമ്പോഴോ പോലും കൊല്ലപ്പെട്ടേക്കാമെന്ന് അധികൃതർ പറയുന്നു.
സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച സമാധാന പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടർച്ചയായി നിരസിക്കുന്നതിനിടയിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. തന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയെപ്പോലും അവഗണിച്ച്, ഗാസയിൽ തുടർച്ചയായി ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രയേൽ.
ഹമാസ് ആദ്യം ആയുധം വെച്ചു കീഴടങ്ങാതെ ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറില്ലെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിൽക്കുകയാണ്. എന്നാൽ ഇസ്രായേൽ സൈന്യത്തെ പൂർണമായി പിൻവലിച്ചാൽ മാത്രമേ ആയുധങ്ങൾ ഉപേക്ഷിക്കൂ എന്ന് ഹമാസും വ്യക്തമാക്കി. നിലവിൽ ഗാസയുടെ ഏകദേശം 60 ശതമാനത്തോളം ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ കയ്യടക്കിയിരിക്കുകയാണ്.










0 comments