ad
Deshabhimani

കള്ളക്കടൽ പ്രതിഭാസം: കോഴിക്കോട് ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും പ്രവേശനം നിരോധിച്ചു

Kallakkadal
വെബ് ഡെസ്ക്

Published on Aug 19, 2026, 08:37 AM | 2 min read

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും ബുധനാഴ്ച പുലർച്ചെ 12 മുതൽ 20-ന് രാത്രി 12 വരെ പ്രവേശനം നിരോധിച്ചെന്ന് കളക്ടർ. കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു ഇതിന് പിന്നാലെയാണ് കോഴിക്കോട്ടെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചത്.


അധികൃതരുടെ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടലിൽ കുളിക്കുകയോ വെള്ളത്തിലിറങ്ങുകയോ കടൽത്തീരത്തിന്റെ അരികിലേക്ക് സമീപിക്കുകയോ ചെയ്യുന്നതും പൂർണമായി നിരോധിച്ചു. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും കച്ചവടക്കാർക്കും ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മാത്രമല്ല, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.


കോഴിക്കോട് ജില്ലയിലെ മുഴുവൻ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമാണ്. കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ്, ബേപ്പൂർ റീജണൽ പോർട്ട് ഓഫീസർ, ഫിഷറീസ് വകുപ്പ് എന്നിവർ തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ബുധനാഴ്ച പുലർച്ചെ 2.30 മുതൽ 20-ന് വൈകിട്ട് 5.30 വരെ 16 മുതൽ 21 സെക്കൻഡ്‌വരെ ദൈർഘ്യമുള്ളതും 1.2 മുതൽ 1.9 മീറ്റർവരെ ഉയരമുള്ളതുമായ തിരമാലകൾക്കാണ് സാധ്യതയുള്ളത്.


കേരള തീരത്ത് നാളെ വൈകുന്നേരം വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.


താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.


തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ

കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ


തമിഴ്‌നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home