ad
Deshabhimani

ഇന്ന്‌ ഫോട്ടോഗ്രഫി ദിനം

കാടിന്റെ കാഴ്ചകൾ തേടി കാഞ്ചന

Kanchana  photo.jpg
avatar
സ്വന്തം ലേഖകൻ

Published on Aug 19, 2026, 09:40 AM | 2 min read

കാടിന്റെ നിശ്ശബ്ദതയ്ക്കിടയിൽ ക്യാമറയുമായി കാത്തുനിൽക്കുമ്പോൾ ലഭിക്കുന്ന ഓരോ കാഴ്ചയും കാഞ്ചന അനിലിന് ഓരോ അനുഭവമാണ്. ചിലപ്പോൾ അത് ഒരു പക്ഷിയുടെ ചിറകടിയാകാം. മറ്റൊരിക്കൽ കാട്ടിലെ ജീവികൾ തമ്മിലുള്ള അപൂർവമായൊരു നിമിഷവും. പ്രകൃതിയുടെ ഇത്തരം കാഴ്ചകൾ ക്യാമറയിൽ പകർത്തി അതിന്റെ സൗന്ദര്യവും വന്യജീവികളുടെ ജീവിതവും മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശിനിയായ കാഞ്ചന.


Kanchana  photo 2.jpg


ക്യാമറയോടുള്ള പ്രണയം


കോളേജ് പഠനകാലത്ത് ക്യാമറയോട് തോന്നിയ അടങ്ങാത്ത പ്രണയം വിവാഹത്തിനും ജോലിക്കും ശേഷവും കാഞ്ചനയുടെ ഉള്ളിൽ കെടാതെ നിന്നു. ഫോട്ടോഗ്രാഫറാകണമെന്ന സ്വപ്നം സഫലമാകാൻ വർഷങ്ങളെടുത്തു. ഒരു ചെറിയ ക്യാമറ കൈയിലെത്തിയതോടെ കാടിന്റെ വിളി കൂടുതൽ ശക്തമായി. പിന്നെ യാത്രകൾക്ക് അതിരുകളുണ്ടായില്ല. കന്യാകുമാരി മുതൽ കശ്മീർ വരെ, പശ്ചിമഘട്ടത്തിന്റെ പച്ചപ്പിൽനിന്ന് ഹിമാലയത്തിന്റെ മഞ്ഞുമലകളിലേക്ക് കാഴ്ചകൾ തേടിയുള്ള യാത്രകൾ തുടർന്നു.


കാടും മലയും താണ്ടിയ യാത്രകളിൽ പക്ഷിനിരീക്ഷണവും വന്യജീവി സർവേയും ട്രക്കിങ്ങുമെല്ലാം ജീവിതത്തിന്റെ ഭാഗമായി. സർക്കാർ ഉദ്യോഗസ്ഥയായെങ്കിലും ഫയലുകൾക്കിടയിൽ മാത്രം ഒതുങ്ങിക്കഴിയാൻ കാഞ്ചനയുടെ മനസ്സ് അനുവദിച്ചില്ല. ഓരോ യാത്രയും പുതിയൊരു കാഴ്ചയിലേക്കുള്ള വാതിലായി. ഓരോ കാഴ്ചയും ക്യാമറയിൽ പകർത്താനുള്ള കൗതുകവും.



Kanchana  photo 1.jpg


കാടിന്റെ വിളി


വെറുതെ ചിത്രങ്ങൾ പകർത്തുക എന്നതിലുപരി വന്യജീവികളുടെ പെരുമാറ്റങ്ങളാണ് കാഞ്ചനയെ വീണ്ടും വീണ്ടും കാട്ടിലേക്ക് ആകർഷിച്ചത്. കാട്ടിലെ കുളത്തിൽ രണ്ട് ആനകൾ ചേർന്ന് ആനക്കുട്ടിയെ വെള്ളം കുടിപ്പിക്കുന്നതും പതുങ്ങിയെത്തിയ കടുവയെ കണ്ട് ആന തുമ്പിക്കൈ ഉയർത്തി ചിന്നംവിളിച്ച് തുരത്തുന്നതുമെല്ലാം കാഞ്ചനയുടെ ക്യാമറയിൽ പതിഞ്ഞു. ആനയുടെ മാതൃസ്നേഹം നിറഞ്ഞ കാഴ്ചയ്ക്ക് മുന്നിൽ ക്യാമറ ചലിപ്പിക്കാൻപോലും മറന്നുപോയ നിമിഷമുണ്ട്.

തടാകക്കരയിൽ കുഞ്ഞുങ്ങൾ കുത്തി മറിഞ്ഞു കളിക്കുന്ന തു നോക്കിയിരിക്കുന്ന അമ്മക്കടുവ, മറ്റൊരു യാത്രയിൽ കുഞ്ഞുങ്ങളെ പൊന്തകാടി നുള്ളിൽ ഒളിപ്പിച്ചു ഇര തേടി പോകുന്ന അമ്മകടുവ, ജനിച്ചു രണ്ടോ മൂന്നോ ദിവസം പ്രായ മുള്ള മാൻ കുഞ്ഞിനെ നക്കി തുടച്ച് കൊണ്ടിരുന്ന അമ്മ മാൻ, ധൃതി യിൽ നടന്നു പോകുന്ന കുറുനരിയെ പിന്തുടർന്നപ്പോൾ എത്തിപ്പെട്ടത് ഗർഭിണിയായ കുറുനരിക്കു അരികെ.


മാതൃസ്നേഹവും , പരിഗണനയും ജയപരാജയങ്ങളും ഒറ്റപ്പെടലും നിറഞ്ഞ കഥകൾ വ്യൂ ഫൈൻഡറിലൂടെ കണ്ടു. ആനയും കടുവയും പുലിയും കരടിയും തുടങ്ങി നിരവധി വന്യജീവികൾ കാഞ്ചനയുടെ ക്യാമറക്കണ്ണിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ പകർത്തിയ കാഴ്ചകളേക്കാൾ കാണാനിരിക്കുന്ന കാഴ്ചകളുടെ കൗതുകമാണ് യാത്ര തുടരാനുള്ള പ്രേരണ. കാട് ഒരിക്കലും ഒരേ കഥ പറയുന്നില്ല. ഓരോ യാത്രയിലും പുതിയൊരു കാഴ്ചയും പുതിയൊരു അനുഭവവും കാത്തിരിക്കുന്നു.


Kanchana  photo 3.jpg


സ്വപ്നം ഫ്രെയിമിലാക്കി


പോരൂർ ചെറുകോടാണ് കാഞ്ചനയുടെ ജന്മദേശം. കുഞ്ഞുനാളിൽതന്നെ ഫോട്ടോഗ്രഫിയോട് താൽപര്യമുണ്ടായിരുന്നെങ്കിലും ആഗ്രഹം സഫലമാകാൻ കാത്തിരിക്കേണ്ടിവന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ സ്റ്റുഡിയോകളിൽനിന്ന് ക്യാമറ വാടകയ്‌ക്കെടുത്താണ് ചിത്രങ്ങൾ പകർത്തിയിരുന്നത്. വിവാഹശേഷം കുട്ടിയുടെ കളിചിരികൾ പകർത്താനായി ക്യാമറ സ്വന്തമാക്കി. പിന്നീട് ആ ചെറിയ ക്യാമറയാണ് വന്യജീവി ഫോട്ടോഗ്രഫിയിലേക്കുള്ള വഴിതുറന്നത്. നാഷണൽ ജോഗ്രാഫിക്,ഡിസ്കവറി ചാനലു കളിലെ വന്യജീവി പരിപാടികളും കാഞ്ചനയുടെ താൽപര്യത്തിന് കൂടുതൽ കരുത്തേകി. ജേർണലിസ്റ്റ് ചോയി കുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ച് ഫോട്ടോഗ്രഫിയുടെ സാങ്കേതിക വശങ്ങളും പഠിച്ചു.


കാലത്തിനനുസരിച്ച് ക്യാമറകളും മാറ്റി. വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന സ്വപ്നം അങ്ങനെ പതിയെ യാഥാർഥ്യമായി. കബനി, ബന്ദിപ്പൂർ, ജിം കോർബറ്റ്, മഹാരാഷ്ട്രയിലെ തഡോബ-അന്ധേരി കടുവാ സങ്കേതം, സുക്കുവാലി, മുതുമല, നിലമ്പൂർ കാടുകൾ തുടങ്ങി നിരവധി വനമേഖലകളിൽ കാഞ്ചന ട്രക്കിങ് നടത്തിയിട്ടുണ്ട്. ഹിമാലയം മുതൽ പശ്ചിമഘട്ടം വരെ നീണ്ട യാത്രകളിൽ നിരവധി ജീവികളുടെ ചലനങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തു. ജില്ലയിലെ പക്ഷി സർവേകളിലും കാഞ്ചന സജീവ സാന്നിധ്യമാണ്. പ്രകൃതി യെയും പക്ഷികളെയും യാത്രകളെയും ഫോട്ടോഗ്രാഫി യെയും സ്നേഹിക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കളെ ക്യാമറ സമ്മാനിച്ചു.


തിരൂർ ലോട്ടറി സബ് ഓഫീസിൽ ജീവനക്കാരിയായ കാഞ്ചനയ്ക്ക് കാടുകൾ ഇപ്പോൾ അപരിചിതമായ ഇടങ്ങളല്ല. ഫയലുകൾക്കിടയിലെ ഔദ്യോഗിക ജീവിതത്തിനപ്പുറം കാടിന്റെ നിശ്ശബ്ദതയിലും പക്ഷികളുടെ ചിറകടിയിലും വന്യജീവികളുടെ ചലനങ്ങളിലും കാഞ്ചന മറ്റൊരു ലോകം കണ്ടെത്തി. ആ ലോകത്തെ ക്യാമറയിൽ പകർത്താനുള്ള യാത്രയ്ക്ക് ഇനിയും അവസാനമില്ല. കാണാത്ത കാഴ്ചകളിലേക്കും പകർത്താത്ത നിമിഷങ്ങളിലേക്കും ക്യാമറയുമായി കാഞ്ചനയുടെ യാത്ര തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home