വയോധികന്റെ കൊലപാതകം: ഓട് പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാൻ ആദ്യ ശ്രമം

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതല്‍ വെളിപ്പെടുത്തല്‍. മേൽക്കൂരയിലെ ഓട് പൊളിച്ചശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനാണ് പ്രതികൾ മുൻകൂട്ടി തീരുമാനിച്ചിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ശിവൻകുട്ടി താമസിച്ചിരുന്ന വാടകവീട്ടിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയെത്തിയ പ്രതികൾ ആദ്യം പുരപ്പുറത്തു കയറി. പലഭാഗങ്ങളിലായി ഓടിളക്കി നോക്കി. മച്ചുള്ളതിനാൽ കല്ലിട്ടു കൊല്ലാൻ കഴിയില്ലെന്നു മനസ്സിലാക്കി.
മച്ചില്ലാത്ത ഭാഗത്തുകൂടി ഉള്ളിലിറങ്ങാനും ശ്രമിച്ചു. അതും ഫലം കണ്ടില്ല.വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷൻ നൽകിയ പെൺകുട്ടി ഉറപ്പാക്കിയിരുന്നു. ഇക്കാര്യം പ്രതികളെ അറിയിക്കുകയും ചെയ്തു. എന്നാൽ, ഓടിട്ട വീടിന്റെ മച്ച് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കു തടസ്സമായി. അതോടെ ശൗചാലയത്തിന്റെ പിൻഭാഗത്തുകൂടി അകത്തു കടന്നു.
ശ്വാസംമുട്ടിച്ച് ക്രൂരമായി കൊല്ലുകയും ചെയ്തു.പെൺകുട്ടി പ്രേരിപ്പിച്ചത് അനുസരിച്ച് സ്വർണവും പണവും അപഹരിക്കാൻവേണ്ടിയാണ് ആൺസുഹൃത്തും കൂട്ടുകാരും എത്തിയത്. വീടിന്റെ പിന്നിലെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന പ്രതികൾ പൊലീസിനെ കബളിപ്പിക്കാൻ കൈയുറ ധരിച്ചിരുന്നു. സ്ഥലത്ത് മുളകുപൊടി വിതറാനും മറന്നില്ല. മോഷണമാണ് ഇതിന് പിന്നിലെന്ന് വരുത്തിതീർക്കുകയായിരുന്നു ലക്ഷ്യം.










0 comments