ദേശാഭിമാനി വാരിക പ്രത്യേക പതിപ്പ് പുറത്തിറക്കി

ദേശാഭിമാനി വാരികയുടെ പ്രത്യേക പതിപ്പ് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി പ്രകാശിപ്പിക്കുന്നു.
കോഴിക്കോട്: ദേശാഭിമാനി പത്രത്തിന്റെ ചരിത്രവും പ്രസക്തിയും വിവരിക്കുന്ന ദേശാഭിമാനി വാരിക പ്രത്യേക പതിപ്പ് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രകാശിപ്പിച്ചു. മേയർ ബീന ഫിലിപ്പ് ഏറ്റുവാങ്ങി. പത്രപ്രവർത്തന രംഗത്ത് വേറിട്ട പാതയിലൂടെയുള്ള ദേശാഭിമാനിയുടെ യാത്ര സംബന്ധിച്ച ലേഖനങ്ങളും അനുഭവങ്ങളുമാണ് പ്രധാന ഉള്ളടക്കം. കോഴിക്കോട്ടെ ദേശാഭിമാനിയുടെ പുതിയ ഓഫീസ് ഉദ്‌ഘാടന വേദിയിൽ വച്ചാണ് വാരികയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്.
ദേശാഭിമാനിയിലെ പത്രപ്രവർത്തകരായിരുന്ന കോയ മുഹമ്മദ്, പി പി അബൂബക്കർ, കെ വി കുഞ്ഞിരാമൻ എന്നിവരുടെ ലേഖനങ്ങളിലൂടെയും ജീവനക്കാരായിരുന്ന ടി കുഞ്ഞിരാമൻ, കെ പി ബാലകൃഷ്‌ണൻ എന്നിവരുടെ അനുഭവക്കുറിപ്പുകളിലൂടെയും മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ദേശാഭിമാനിയുടെ പ്രസക്തി വാരികയുടെ പ്രത്യേക പതിപ്പിൽ വിലയിരുത്തുന്നു. എഴുത്തുകാരായ മേതിൽ രാധാകൃഷ്‌ണൻ, യു എ ഖാദർ എന്നിവരുടെ ദേശാഭിമാനി പ്രവർത്തനകാലത്തെ ഓർമക്കുറിപ്പുകളുമുണ്ട്. പാർടി പത്രമെന്ന നിലയിൽ ദേശാഭിമാനിയുടെ രാഷ്‌ട്രീയ പ്രസക്തി വിവരിക്കുന്ന പി കൃഷ്‌ണപിള്ള, ഇ എം എസ് എന്നിവരെഴുതിയ ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദേശാഭിമാനി ചരിത്രം, അച്ചടിരംഗത്തെ സാങ്കേതിക വികാസം, ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾക്ക് ദേശാഭിമാനിയുമായുള്ള ബന്ധം എന്നിവ അടയാളപ്പെടുത്തുന്ന അപൂർവ ഫോട്ടോഗ്രാഫുകളും ഈ ലക്കത്തിന്റെ സവിശേഷതയാണ്.
0 comments