ad
Deshabhimani

ധിഷണയുടെ തീവാക്കുകള്‍ക്ക് ആദരം

anand
avatar
പി പവിത്രൻ

Published on Feb 24, 2026, 02:53 AM | 1 min read

സമഗ്ര സംഭാവനയ്ക്ക് ദേശാഭിമാനിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്‌കാരം ആനന്ദിന് സമ്മാനിക്കുന്നു. ഇരിങ്ങാലക്കുട ഗായത്രി ഓഡിറ്റോറിയത്തിൽ ചൊവ്വ രാവിലെ 10ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പുരസ്‌കാരം സമ്മാനിക്കും.


രചനാരീതികൊണ്ടും ദാർശനിക ആഴംകൊണ്ടും നൈതികജാഗ്രതകൊണ്ടും സാഹിത്യചരിത്രത്തിൽ ദിശാവ്യതിയാനം കുറിച്ച എഴുത്തുകാരനാണ് ആനന്ദ്. മലയാളസാഹിത്യത്തിൽ ആധുനികതാ വാദ പ്രവണതകളുടെ മുഖ്യവക്താവ്‌. നോവൽ, ചെറുകഥ, നാടകം, കവിത, ലേഖനം, ശിൽപ്പം എന്നിങ്ങനെ വിവിധ ശാഖകളിലായി വ്യാപിച്ചു കിടക്കുന്ന ആനന്ദിന്റെ സംഭാവനകളെ ആദരിക്കുന്നതിൽ ദേശാഭിമാനി അഭിമാനം കൊള്ളുന്നു.


സാഹിത്യത്തെ സ്വാതന്ത്ര്യാന്വേഷണത്തിനുള്ള ഉപാധിയായി കണ്ട എഴുത്തുകാരനാണ് ആനന്ദ്. ആ അന്വേഷണത്തിന് തത്വചിന്താപരവും മനശ്ശാസ്ത്രപരവുമായ തലങ്ങളുണ്ട്. വ്യക്തിയെയും സാമൂഹ്യതയെയും ചരിത്രപരതയെയും ഉൾക്കൊള്ളുന്നതാണത്. രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന ചുരുങ്ങിയ അർഥമല്ല അതിനുള്ളത്.


പ്രജ്ഞയിൽനിന്ന് കരുണയിലേക്കും തന്നിൽ നിന്ന് അപരനിലേക്കും സ്വതന്ത്രനാകാനുള്ള സമരമാണത്. സാമുദായികമായ ഭൂതകാലത്തിൽനിന്ന് ഏറ്റവുമധികം വിടുതി നേടിയ കഥാപാത്രങ്ങളെ ആധുനികതയ്ക്ക് സമ്മാനിച്ചത് ആനന്ദാണ്. കേരളീയ ഗ്രാമങ്ങളിൽനിന്ന് കടന്നുചെല്ലാൻ കഴിയുന്ന ഊടുവഴികൾ ആനന്ദിന്റെ നോവലുകളിലില്ല.


പരമ്പരാഗത വായനക്കാർക്ക് ആനന്ദ് ഒരു പ്രഹേളികയായിത്തീരുന്നതിന്റെ കാരണങ്ങളിലൊന്നും അതുതന്നെ സെന്റിമെന്റുകളിൽ തളഞ്ഞു കിടക്കുന്നവരുടെ ആവർത്തനകഥകൾക്ക് പകരം സ്വാതന്ത്ര്യബോധത്തിൽ തടഞ്ഞുവീണവരുടെ കഥയില്ലായ്മകളായി അതുമാറി.


കേരളീയ ഗ്രാമങ്ങൾ ജാതി ജന്മി നാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങൾ പേറുന്നതുകൊണ്ടുതന്നെ അതിന്റെ അനുഭൂതികൾ അന്വേഷിച്ചു ചെല്ലുന്നവരെ ആനന്ദിന്റെ എഴുത്തുകൾ നിരാശപ്പെടുത്തി തിരിച്ചയക്കും. പുരുഷാധികാരം ശീലിപ്പിച്ച അനുഭൂതികളുടെ കഥയും അതുതന്നെ. പ്രജയിൽ നിന്ന് പൗരത്വത്തിലേക്ക് നീങ്ങാൻ ശ്രമിക്കുന്ന മനുഷ്യരുടെ കഥയാണ് ആനന്ദ് പറയാൻ ശ്രമിച്ചത്.

(പി പവിത്രൻ)




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home