print edition പഠിച്ചുയരാം മിടുക്കരാകാം; ദേശാഭിമാനി ഫോക്കസ് 2026 കരിയർ മേള


സ്വന്തം ലേഖകൻ
Published on May 30, 2026, 12:53 AM | 1 min read
തിരുവനന്തപുരം : പത്താംക്ലാസിനുശേഷം ഏതു വിഷയം തെരഞ്ഞെടുക്കണം. പ്ലസ് ടുവിനുശേഷം ഏത് കോഴ്‌സിൽ ഉപരിപഠനം നടത്തണം. ഭൂരിഭാഗം വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണ് ഇത്. കൃത്യമായ ധാരണയില്ലാതെ ഏതെങ്കിലും കോഴ്‌സിൽ ചേരാറാണ് പതിവ്. അഭിരുചിക്ക് അനുയോജ്യമല്ലാത്ത കോഴ്‌സിൽ ചേർന്ന് വിഷമവൃത്തത്തിലാകാനേ ഇത് വഴിവയ്‌ക്കൂ. ഇവിടെ ദേശാഭിമാനി വഴികാട്ടുകയാണ്, ഇനിയെന്ത് എന്നൊരു സംശയം വേണ്ട.
എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ദേശാഭിമാനി സംഘടിപ്പിക്കുന്ന ‘ഫോക്കസ് 2026 കരിയർ മേള’ മുഴുവൻ സംശയങ്ങൾക്കും ഉത്തരം നൽകും. ശനിയാഴ്ച വഴുതക്കാട് മൗണ്ട് കാർമൽ കൺവൻഷൻ സെന്ററിലാണ് ഫോക്കസ് 2026 കരിയർ മേള നടക്കുക. രാവിലെ ഒമ്പതിന് വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനാകും. എസ്‌എസ്‌എൽസിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കും. വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ടി പി സേതുമാധവൻ ആണ് ക്ലാസ് നയിക്കുക.
വിവിധ കരിയറുകൾ പരിചയപ്പെടുത്തുന്ന സെഷൻ, കരിയർ സാധ്യതകളെക്കുറിച്ച് പ്രമുഖരുമായി സംവദിക്കാനുള്ള അവസരം, അഭിരുചികൾ കണ്ടെത്താനും കൗൺസലിങ്ങിനുമുള്ള അവസരം, കോഴ്‌സിനെക്കുറിച്ചും അവയുടെ പ്രവേശന പരീക്ഷയെക്കുറിച്ചും അപേക്ഷ എപ്പോൾ സമർപ്പിക്കണമെന്നതിനെക്കുറിച്ചുമുള്ള നിർദേശങ്ങൾ എന്നിവ വിദ്യാർഥികൾക്ക് നൽകും. വിദ്യാഭ്യാസ വായ്‌പ സംബന്ധിച്ച് അധികൃതർ ക്ലാസ് നൽകും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് സ്‌പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്. പ്രവേശനം സൗജന്യമാണ്.
അറിവും ലക്ഷ്യബോധവുമുള്ള വലിയൊരു തലമുറയെ വാർത്തെടുക്കുന്നതിനായി ദേശാഭിമാനി നടത്തുന്ന നിരവധി ഇടപെടലുകളിൽ ഒന്നാണ് ഫോക്കസ് 2026 കരിയർ മേള. ജനങ്ങൾക്ക് സാമൂഹ്യബോധവും ശാസ്‌ത്രജ്ഞാനവും പൊതുവിജ്ഞാനവും വലിയ തോതിൽ നൽകി അവരെ അറിവിന്റെ ചക്രവാളത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ ദേശാഭിമാനി വലിയ ഇടപെടലാണ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് കരിയർ മേളയും.











0 comments