ad
Deshabhimani

ഡോ. എം ലീലാവതി സാഹിത്യോത്സവം 28ന്‌

print edition കവിതയായ്‌ പൂത്തിറങ്ങിയ നിരൂപണകല

deshabhimani award Dr. M Leelavathi
വെബ് ഡെസ്ക്

Published on Oct 22, 2025, 12:49 AM | 1 min read


കൊച്ചി

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ‘നിമിഷം’ എന്ന കവിതയെ വിമർശിച്ച കുട്ടിക്കൃഷ്‌ണമാരാരെ തിരുത്തിയാണ്‌ ഡോ. എം ലീലാവതിയുടെ നിരൂപണമെഴുത്തിന്റെ തുടക്കം. 1951 ൽ. മാരാരെ വിമർശിക്കാൻ മാത്രം ലീലാവതി വളർന്നിട്ടില്ല എന്നായിരുന്നു അതിനോടുള്ള ജി യുടെ പ്രതികരണം. കുറെക്കൂടി വിനയവും വിവേകവുമാകാമെന്നാണ്‌ ശകാരരൂപത്തിലുള്ള ഉപദേശത്തിന്റെ അർഥമെന്ന്‌ ലീലാവതി ഗ്രഹിക്കുകയും ചെയ്‌തു.


നിരൂപണരംഗത്ത്‌ സ്വന്തമായി മേൽവിലാസമില്ലാത്ത സ്‌ത്രീയെന്നാണ്‌ അക്കാലത്തെ തന്നെക്കുറിച്ച്‌ ടീച്ചറുടെ സ്വയം നിരീക്ഷണം. അതുകൊണ്ടുകൂടിയാകാം സാഹിത്യ പരിഷത്തിന്റെ മാസികയിൽ ലേഖനം ചേർത്തതിനൊപ്പം ലീലാവതിയുടെ ചിത്രവും പത്രാധിപരായിരുന്ന എൻ വി കൃഷ്‌ണവാര്യർ നൽകി. എന്നിട്ടും, പുരുഷ എഴുത്തുകാരാരോ പേരുമറച്ചുവച്ച്‌ എഴുതിയതാണ്‌ ആ ലേഖനമെന്ന്‌ കുട്ടിക്കൃഷ്‌ണമാരാർ സംശയിച്ചത്രെ.


വിപുലാർഥത്തിൽ സാഹിത്യനിരൂപക എന്ന്‌ അടയാളപ്പെടുത്തുന്പോഴും കവിതാ നിരൂപണത്തിലാണ്‌ ടീച്ചർ കൂടുതൽ വ്യാപരിച്ചത്‌. ആശാനും വള്ളത്തോളും ചങ്ങന്പുഴയും അക്കിത്തവും വൈലോപ്പിള്ളിയും കടമ്മനിട്ടയും മുതൽ റഫീഖ്‌ അഹമ്മദ്‌ വരെ നീളുന്നു ടീച്ചറെ ആകർഷിച്ച കവിനിര. അറുപതിലേറെ പുസ്‌തകങ്ങൾ എഴുതിയതിൽ ഏറെയും കവിതാനിരൂപണവും പഠനങ്ങളുമായതും യാദൃച്ഛികമല്ല. വിലാപകാവ്യങ്ങളെ നിരൂപിച്ച കണ്ണീരും മഴവില്ലും, കാവ്യ നിരൂപണങ്ങളായ നവരംഗം, നവതരംഗം, കവിതയും ശാസ്‌ത്രവും, കാവ്യാരതി, ജി യുടെ കാവ്യ ജീവിതം, മലയാള കാവ്യ സാഹിത്യ ചരിത്രം എന്നിവ അവയിൽ ചിലത്‌ മാത്രം. മാനുഷികമൂല്യങ്ങൾക്ക്‌ മുന്തിയ പരിഗണന നൽകുന്ന സമഗ്രതാബോധത്തിലൂന്നിയ ലീലാവതിയുടെ കാവ്യനിരൂപണങ്ങളെ മാറ്റിനിർത്തിയാൽ മലയാള കാവ്യനിരൂപണ ശാഖ ശുഷ്‌കവും അപൂർണവുമാണെന്ന്‌ വിലയിരുത്തപ്പെട്ടതും ഇക്കാരണങ്ങൾകൊണ്ടുതന്നെ.


ഡോ. എം ലീലാവതിയുടെ സാഹിത്യ സംഭാവനകളെ സമഗ്രമായി വിലയിരുത്തുന്നതാണ്‌ ദേശാഭിമാനി പുരസ്‌കാര സമർപ്പണത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിട്ടുള്ള സാഹിത്യോത്സവം. അതിലെ രണ്ട്‌ സെഷനുകളിൽ ഒന്ന്‌ ടീച്ചറുടെ കാവ്യനിരൂപണ സംഭാവനകളെ പ്രത്യേകം പരിശോധിക്കുന്നതാണ്‌. മടപ്പള്ളി ഗവ. കോളേജിലെ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഡോ. കെ വി സജയ്‌ അവതരിപ്പിക്കുന്ന പ്രബന്ധത്തിന്റെ വിഷയം ‘കാവ്യലക്ഷ്‌മി ചാരിനിന്ന കൊന്ന– ഡോ. എം ലീലാവതിയും കാവ്യനിരൂപണങ്ങളും’ എന്നതാണ്‌. 28ന്‌ രാവിലെ ഒന്പതുമുതൽ കളമശേരി കുസാറ്റിലാണ്‌ സാഹിത്യോത്സവം. എഴുത്തുകാരൻ എം മുകുന്ദൻ സാഹിത്യോത്സവം ഉദ്‌ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home