ദേശാഭിമാനി സാഹിത്യ പുരസ്കാരം ; ദേശ യാഥാർഥ്യങ്ങളും കീഴാള നോവും


സി കെ ദിനേശ്
Published on Jan 15, 2025, 01:50 AM | 1 min read
തിരുവനന്തപുരം
ഇരുൾ മൂടിയ ചരിത്രത്തിൽ നീറ്റലായി അടങ്ങിയ കീഴാളരുടെ ജീവിതങ്ങളുടെ ആവിഷ്‌കാരമായി ദേശാഭിമാനി സാഹിത്യ പുരസ്കാരം നേടിയ കൃതികളെ പൊതുവായി വിശേഷിപ്പിക്കാം. ദേശവഴികളിൽ അമർന്നു പോയ നിശ്വാസങ്ങളുടെ ചൂടുള്ള രചനകളാണവ.
കവിതയുടെ നാട്ടിടവഴികളിലൂടെയുള്ള നടത്തത്തിനിടെ ആഗ്രഹവും യാഥാർഥ്യവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചിത്രങ്ങളാണ് രാവുണ്ണി വരച്ചിടുന്നത്. താളവും ഊർജസ്വലതയും കാമ്പസ് കാലത്തെന്ന പോലെ തന്നെ ഊറിക്കൂടുന്ന കവിതകളിൽ ചുറ്റുവട്ടത്തെ അപകടങ്ങളെ ചൊല്ലിയുള്ള ആകുലതകളും നിറയുന്നു.
‘എത്ര ഭയാനകമീ കാഴ്‌ച; നെഞ്ചകം
കത്തുന്ന ഭീതി; നടുങ്ങിയിരുന്നു ഞാൻ
കാലവും ദേശവും തെറ്റിച്ചു പായുന്ന
വണ്ടിയിലെങ്ങനെ വന്നു ഞാൻ പെട്ടുപോയ്!’ (കാലവണ്ടി)
സി വി രാമൻപിള്ള ‘മാർത്താണ്ഡവർമ്മ’ നോവലിൽ ഒഴിച്ച വിടവിലൂടെ ഇറങ്ങി അഗസ്‌ത്യാർകൂടത്തിലെത്തുകയും ചരിത്രം കണ്ടില്ലെന്ന് നടിച്ച ഒരു സമൂഹത്തിന്റെ ജീവിത വ്യവഹാരങ്ങളിലൂടെ നടന്നുപോവുകയുമാണ് ഷിനിലാൽ ‘ഇരു’ എന്ന നോവലിൽ. മാനവികതയുടെ കൊടിപ്പടമുയർത്തിയ നെടുനാളത്തെ ജീവിത പരിചയമുള്ള ചില മനുഷ്യരും നോവലിൽ കടന്നുവരുന്നു. ഷിനിലാൽ തന്നെ ആമുഖത്തിൽ പറയുന്നു: ‘അവഗണിക്കപ്പെട്ട ചില മനുഷ്യ ജന്മങ്ങളെ മലയാള സാഹിത്യമെന്ന വൻമലയിൽ പതിച്ചുവയ്‌ക്കുന്നു. ’’
കഥയാവശ്യപ്പെടുന്ന പുതിയ സങ്കേതങ്ങളും തന്ത്രങ്ങളും സൗന്ദര്യം ചോരാതെ വിന്യസിക്കുകയെന്ന രസകരമായ ശിൽപ വൈദഗ്ധ്യം ഉണ്ണി ആറിന്റെ കഥകളിലുണ്ട്. സൂക്ഷ്‌മദർശിത്വവും പ്രത്യയശാസ്‌ത്രപരമായ കാഴ്‌ചകളുമടക്കം ആധുനികകാല കഥാ വായനയിൽ നവശീലങ്ങൾ സൃഷ്ടിക്കുന്നു. അഭിജ്ഞാനം, നടപ്പൻ നിഴൽ ചിന്താഭൂതം, നാമിങ്ങറിയുവതൽപ്പം, സ്വയം ഭോഗം, തിരുവിളയാടൽ, പുസ്‌തകം, പൂക്കൾ, മറ എന്നീ എട്ട് കഥകളാണ് പുരസ്‌കാരത്തിനർഹമായ തിരുവിളയാടൽ എന്ന സമാഹാരത്തിലുള്ളത്.
Related News

0 comments