ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 973 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : ഡൽഹിയിൽ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മുൻ വീട്ടുജോലിക്കാരൻ രാഹുൽ മീണയ്‌ക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 973 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതിയുടേതുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഇരയുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ പ്രതിയുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നുണ്ടെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. 82 സാക്ഷികളെ വിസ്തരിച്ചു.
ഏപ്രിൽ 23നായിരുന്നു ക്രൂരകൃത്യം. കൈലാഷ്‌ഹിൽസിലെ ഉദ്യോഗസ്ഥന്റെ അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ച് കടന്ന രാജസ്ഥാൻ അൽവാർ സ്വദേശിയായ രാഹുൽമീണ (19) 22 കാരിയായ പെൺകുട്ടിയെ കഴുത്തിൽ ഫോൺചാർജർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്നും 2.5ലക്ഷം കവർന്ന് കടന്ന രാഹുൽമീണയെ പൊലീസ് പിന്നീട് പിടികൂടി. സംഭവത്തിന് എട്ട് മാസം മുമ്പാണ് രാഹുൽമീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലിക്കെത്തുന്നത്. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായ രാഹുൽ ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞ് പലരിൽ നിന്നും കടം വാങ്ങിയത് അറിഞ്ഞപ്പോൾ ഇയാളെ പിരിച്ചുവിട്ടു. സംഭവദിവസം രാവിലെ 6.30ന് വീണ്ടും വീട്ടിലെത്തിയ രാഹുൽ കള്ളത്താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് അകത്ത് കയറി.
മാതാപിതാക്കൾ വ്യായാമത്തിന് പോയ സമയമായതിനാൽ മകൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മുകൾനിലയിലെ മുറിയിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയോട് രാഹുൽ പണം ആവശ്യപ്പെട്ടു. ഉടൻ പുറത്തുപോകാൻ പെൺകുട്ടി ആവശ്യപ്പെട്ടു. ഇതേതുടർന്ന്, ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പെൺകുട്ടിയെ രാഹുൽ അടിച്ചുവീഴ്‌ത്തി. മുഖത്തിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ രാഹുൽ പീഡിപ്പിച്ചു. ശേഷം കഴുത്തിൽ ചാർജർ മുറുക്കി കൊലപ്പെടുത്തി. അൽവാറിൽ കൂട്ടുകാരന്റെ ഭാര്യയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷമാണ് രാഹുൽമീണ ഡൽഹിയിലെത്തി ക്രൂരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും മൊബൈൽഫോൺ ട്രാക്കിങ്ങിന്റെയും അടിസ്ഥാനത്തിൽ ദ്വാരകയിലെ ഹോട്ടലിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.











0 comments