print edition ടിനി ടോമിനെതിരായ കേസ്: ഒടുവിൽ മൊഴിയെടുക്കാൻ തയ്യാറായി പൊലീസ്

ടിനി ടോം, അന്‍സിബ ഹസന്‍
കൊച്ചി: നടൻ ടിനി ടോമിനെതിരെ രജിസ്‌റ്റർചെയ്‌ത കേസിൽ നടി അൻസിബ ഹസന്റെ മൊഴി രേഖപ്പെടുത്താൻ തയ്യാറായി കടവന്ത്ര പൊലീസ്. അൻസിബയ്‌ക്ക് സൗകര്യപ്രദമായ സ്ഥലത്ത് എത്തി മൊഴിയെടുക്കാമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ് നൽകി. വ്യാഴാഴ്‌ചയ്‌ക്കുള്ളിൽ അറിയിക്കണമെന്നും നോട്ടീസിലുണ്ട്.
ശനിയാഴ്‌ച വൈകിട്ട് മൊഴി നൽകാൻ അൻസിബ കടവന്ത്ര പൊലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലും വനിതാ എസ്‌ഐ ഇല്ലാത്തതിനാൽ മടങ്ങിയിരുന്നു. അടുത്ത രണ്ട് ദിവസവും പൊലീസ് മൊഴിയെടുത്തില്ല. കോടതി നിർദേശപ്രകാരം കേസെടുത്തിട്ടും അൻസിബയുടെ മൊഴിയെടുക്കാൻ വൈകുന്നതിൽ വിമർശമുയർന്നിരുന്നു.
അൻസിബയുടെ പരാതിയിൽ എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി(എട്ട്)യുടെ നിർദേശപ്രകാരമാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചെന്നും മതപരമായി അധിക്ഷേപിച്ചെന്നുമായിരുന്നു പരാതി.
അതേസമയം നടി ലക്ഷ്മിപ്രിയ, അവരുടെ ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ സ്‌റ്റേഷനിലെ എസ്ഐ രേഷ്മ എന്നിവർക്കെതിരെ അൻസിബ നൽകിയ മറ്റൊരു പരാതിയിൽ തൃപ്പൂണിത്തുറ പൊലീസ് മൊഴിയെടുക്കാൻ നടപടി ആരംഭിച്ചു. തൃപ്പൂണിത്തുറ മജിസ്‌ട്രേട്ട് കോടതി നിർദേശപ്രകാരമാണ് തിങ്കളാഴ്‌ച പൊലീസ് കേസെടുത്തത്. തൃപ്പൂണിത്തുറ വനിതാസെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചു, മാപ്പ് എഴുതിച്ചു, പിന്നീട് അത് താനറിയാതെ തിരുത്തി എന്നെല്ലാമാണ് അൻസിബയുടെ പരാതി.











0 comments